കൽപ്പറ്റയിൽ ആദിവാസി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു . കൽപ്പറ്റ അമൃതില്‍  നടന്ന ‘ആദിവാസികളുടെ ഉപജീവന മാർഗങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി വിപണന കേന്ദ്രത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യകൃഷി,  പശു വളർത്തൽ, പോത്ത് കുട്ടികളെ വളർത്തൽ, കാട-നാടൻ കോഴി വളർത്തൽ , ചെരുപ്പ് നിർമാണ യൂണിറ്റ്, ഔഷധ സസ്യങ്ങളും തീറ്റപ്പുല്ലും വച്ചുപിടിപ്പിക്കൽ, പഴവർഗ്ഗങ്ങളുടെ കൃഷി എന്നിങ്ങനെ വിവിധ  മേഖലയിലൂടെ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വരുമാനം ലഭ്യമാക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

മത്സ്യകൃഷിക്കായി ഓരോ പഞ്ചായത്തിലെയും ആദിവാസികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളുടെ കണക്കെടുക്കും. ഒരു പഞ്ചായത്തിൽ 50 മുതൽ 100 വരെ പോത്തു കുട്ടികളെ വളർത്തുന്ന യൂണിറ്റ്, 50 കാട കോഴികളെ വളർത്തുന്ന 10 യൂണിറ്റ്, ഗ്രൂപ്പ് ഫാമിങിന് 10 പശുക്കൾ അടങ്ങുന്ന യൂണിറ്റ്,10 പേരടങ്ങുന്ന തയ്യൽ യൂണിറ്റ്, 20 പേരടങ്ങുന്ന ചെരുപ്പ് നിര്‍മ്മാണ യുണിറ്റ് എന്നിങ്ങനെ വിവിധ യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും   സ്ഥാപിക്കും.

2020-21 സാമ്പത്തിക വർഷത്തിൽ ആദിവാസി സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 25 കോടിയില്‍ നിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. ശിൽപശാലയിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി. ചെറിയാൻ, പട്ടികവർഗ്ഗ ഉപദേശകസമിതി അംഗം സീതാ ബാലൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, ദേവസ്വം ബോർഡ് മെമ്പർ കേശവൻ, കമ്മിറ്റഡ് സോഷ്യൽ വർക്കർമാര്‍, പ്രൊമോട്ടർമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.