കോവിഡ് 19 റെ സമൂഹ വ്യാപന    പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.  സമ്പര്‍ക്ക രോഗബാധ , ഉറവിടം കണ്ടെത്താത്ത രോഗബാധ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍  ഗൗരവത്തോടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

രോഗികളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് സമൂഹ വ്യാപനത്തിന്റെ  സൂചനയാണ്. നിലവില്‍ സാഹചര്യം നിയന്ത്രണത്തിലാണെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനുളള സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ മുതല്‍ മുഴുവന്‍ ജനങ്ങളും ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെപ്പോലെ കാലവര്‍ഷം ശക്തമായാലുള്ള സാഹചര്യം വിലയിരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നതായും വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്തും

ജില്ലയില്‍ കഴിഞ്ഞദിവസം വെസ്റ്റ് ബംഗാള്‍ സ്വദേശികളായ 14 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കോവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണമ്പ്രയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 43 പേര്‍ക്കും എലപ്പുള്ളിയില്‍ 23 പേര്‍ക്കും പരിശോധന ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പവര്‍ഗ്രിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായാണ് അതിഥി തൊഴിലാളികള്‍ ജില്ലയിലെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാന്‍ തൊഴില്‍ വകുപ്പ്, ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന കര്‍ശനമാക്കും. ഇവര്‍ക്കായുള്ള ക്വാറന്റൈന്‍  അതത് തൊഴിലുടമകളാണ് ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കിന്‍ഫ്രയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കാന്‍ ഒരു കോടിയുടെ ഭരണാനുമതി

കഞ്ചിക്കോട് കിന്‍ഫ്രയില്‍ കണ്ടെത്തിയ കെട്ടിടത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍  ഒരുക്കാന്‍ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചതായും പ്രവൃത്തികള്‍ തുടങ്ങിയതായും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പാലക്കാട് ഗവ. മെഡിക്കല്‍ കോളെജും മാങ്ങോട് കേരള മെഡിക്കല്‍ കോളെജും സജ്ജമാണ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജില്‍ ശരാശരി 600 പി.സി.ആര്‍ ടെസ്റ്റുകള്‍ എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 1000 സ്രവസാമ്പിളുകള്‍ വരെ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ, പി.സി.ആര്‍ പരിശോധന വേഗതയില്‍ നടത്താന്‍ ആര്‍.എന്‍.എ എക്സ്ട്രാക്ട് ശേഖരിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ, ആലപ്പുഴ വൈറോളജി ലാബിലേക്കും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും സാമ്പിളുകള്‍ അയക്കുന്നുണ്ട്. രണ്ടുമൂന്നു ദിവസത്തില്‍ പരിശോധനാ ഫലം ലഭ്യമാകുന്നുണ്ട്.

283259 കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ-പലവ്യജ്ഞന കിറ്റ്

ജില്ലയിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 283259 ഭക്ഷ്യ-പലവ്യജ്ഞന കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രീ-പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കായി എന്നിങ്ങനെ തിരിച്ചാണ് വിതരണം നടത്തുക. പ്രീ-പ്രൈമറി വിഭാഗത്തില്‍ 1.2 കിലോ അരിയും 297.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങള്‍, പ്രൈമറി വിഭാഗത്തില്‍ (ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ) നാല് കിലോ അരിയും 299.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങള്‍, അപ്പര്‍ പ്രൈമറിക്കാര്‍ക്ക് (ആറ് മുതല്‍ എട്ടാം ക്ലാസ് വരെ) ആറ് കിലോ അരിയും 400 രൂപ വിലവരുന്ന പലവ്യജ്ഞന കിറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. ചെറുപയര്‍, കടല, തുവരപരിപ്പ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നീ ഒമ്പതിനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

ചെക്ക്പോസ്റ്റുകള്‍ സജീവം; പൊലീസ് പരിശോധന കര്‍ശനം

ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ വാളയാര്‍ ചെക്ക്പോസ്റ്റ് വഴി മാത്രമേ കടത്തിവിടുകയുള്ളൂ. ഇങ്ങനെ വരുന്നവല്ലൊവരും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഹോട്ട്സ്പോട്ട്കളില്‍ നിന്നെത്തുന്നവരെയും പാസ് ഇല്ലാതെയും വ്യാജ രേഖകളുണ്ടാക്കി എത്തുന്നവരെയും കൃത്യമായി പരിശോധിക്കാന്‍ പൊലീസ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ എത്തിതുടങ്ങിയ മെയ് 4 മുതല്‍ ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ പരിശോധനയില്‍ റെഡ് സോണുകളില്‍ നിന്നെത്തിയ രോഗലക്ഷണം ഇല്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞത് രോഗവ്യാപന തോത് കുറയ്ക്കാന്‍ സഹായകമായി. ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് 42 കിലോ കഞ്ചാവ്, കഞ്ചിക്കോട് 1.75 കോടിയുടെ കള്ളപ്പണം എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആര്‍.പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.