തൃശ്ശൂർ: റിട്ടയർമെന്റ് ജീവിതം കാർഷിക വൃത്തിക്കായി മാറ്റിവച്ച് വിള കൊയ്യുകയാണ് കെഎസ്ആർടിസി ജീവനക്കാരനായിരുന്ന പോളശ്ശേരി ശിവദാസൻ. സംയോജിത കൃഷിയിലൂടെ മികച്ച വിളവെന്നതാണ് ശിവദാസന്റെ ആപ്തവാക്യം. ആറേക്കറിലാണ് ശിവദാസന്റെ പലവിധ കൃഷികൾ. കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്നാം വാർഡിലെ ജൈവ കർഷകനാണ് ശിവദാസനിപ്പോൾ.

ലോകമലേശ്വരത്ത് സ്വന്തം ഭൂമിയിലും പാട്ട ഭൂമിയിലുമായി വൈവിധ്യമാർന്ന നിരവധി വിളകളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. കൃഷിയിടത്തിലെ ആദ്യവിളവെടുപ്പ് കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത നെല്ലിനമായ കൊടിയൻ മുതൽ ഒട്ടുമിക്ക പച്ചക്കറികളും സുഗന്ധവിളകളും ശിവദാസൻ കൃഷി ചെയ്യുന്നുണ്ട്.

സാധാരണ നാടൻ പച്ചമുളക് കൂടാതെ വെള്ളക്കാന്താരി, കോടാലി മുളക്, ഹൈബ്രിഡ് ഇനത്തിൽപ്പെട്ട രണ്ട് തരം മുളകുകൾ, നീളം കൂടിയ നീല വഴുതിന, പച്ച വഴുതിന, അർക്ക, അനാമിക ഇനത്തിൽപ്പെട്ട വെണ്ട, പ്രതിഭ, സോന, ശോഭ ഇനങ്ങളിലുള്ള മഞ്ഞൾ, ഇഞ്ചി എന്നിവയും പ്രീതി ഇനത്തിൽ പ്പെട്ട പാവൽ, ഹൈബ്രിഡ് ഇനത്തിലുള്ള നീളം കൂടിയ പച്ചപ്പയർ, ഹൈബ്രിഡ് പടവലം, മരച്ചീനി എന്നിവയും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.

ഇവയെല്ലാം ജൈവവളം ചേർത്താണ് കൃഷി ചെയ്യുന്നത്. ഇത് കൂടാതെ 50 കരിങ്കോഴികളും നാടൻ പശുക്കളും നാടൻ കോഴികളും ശിവദാസന് സ്വന്തമായുണ്ട്. സംസ്ഥാന കൃഷിവകുപ്പ് മികച്ച കർഷകർക്ക് നൽകുന്ന അവാർഡിന് കൊടുങ്ങല്ലൂർ കൃഷിഭവനിൽ നിന്ന് ശിവദാസന്റെ പേര് നിർദ്ദേശിച്ചു.