അടുത്ത പദ്ധതി വർഷത്തിൽ ജില്ലയെ ശിശു സൗഹ്യദമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലാ പദ്ധതിയുടെ കീഴ്ത്തട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളിൽ സർക്കാർ ധനസഹായത്തിനു പുറമെ സന്നദ്ധ സംഘടനകളുടെയും എൻ.ജി.ഒകളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നടപടി ഉണ്ടാകണം. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ 36 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതിൽ 29 ഗ്രാമ പഞ്ചായത്തുകളും നാല് ബ്ലോക്കുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടും. ഭേദഗതി നിദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ളഅവസാന തീയതി മാർച്ച് അഞ്ചാണ് അതിനു ശേഷം ഭേദഗതി നിർദ്ദേശം സമർപ്പിക്കുന്നതിനു സുലേഖ സോഫ്റ്റ് വെയറിൽ സൗകര്യമുണ്ടായിരിക്കില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫിസർ പി.പ്രദീപ് കുമാർ അറിയിച്ചു.
പദ്ധതി നിർവഹണത്തിൽ ജില്ല 53.38 ശതമാനം തുക മാത്രമെ ചെലവഴിച്ചിട്ടുള്ളു. സംസ്ഥാന ശരാശരി 54.38 ആണ്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ ഇതുവരെ 63.24 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾ 47.24 ശതമാനം തുകയും ജില്ലാ പഞ്ചായത്ത് 26.27 ശതമാനവും മുനിസിപ്പാലിറ്റികൾ 51.71 ശതമാനം ചെലവഴിച്ചിട്ടുണ്ട്.
മലപ്പുറം മുനിസിപ്പാലിറ്റിയുടെ 5.63 കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ അധിക കർമ്മ പദ്ധതിയുടെ തൊഴിൽ ബജറ്റിന് യോഗം അനുമതി നൽകി.
ജില്ലാ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ അംഗങ്ങളായ ഇ.എൻ. മോഹൻദാസ്, സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, ഇസ്മായിൽ മുത്തേടം, എ.കെ.അബ്ദുറഹിമാൻ, സി.അബ്ദുന്നാസർ, സി.എച്ച്.ജമീല, ഷൈനി, എ.കെ.റഫീഖ, വി.പി.സുലൈഖ, സി.ജമീല അബുബക്കർ, ആലിപ്പറ്റ ജമീല, സജിത.എടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി ടി.സത്യൻ, പ്രസിഡന്റ് എ.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.