കാര്യവട്ടം ഗവ. കോളേജിന്റെ രജതജൂബിലി വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിവര്‍ഹിച്ചു.  സര്‍വകലാശാലയില്‍ നിന്നും ആര്‍ജിക്കുന്ന അറിവുകള്‍ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ഥകമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.  ബിരുദങ്ങള്‍ നല്‍കുന്നതുകൊണ്ടുമാത്രം സര്‍വകലാശാലകള്‍ പൂര്‍ണമാകുന്നില്ല.  അവ സമൂഹത്തിലുണ്ടാക്കുന്ന വിവിധങ്ങളായ ക്രിയാത്മക പ്രവര്‍ത്തനങ്ങളാണ് പൂര്‍ണതയുടെ മാനദണ്ഡമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  കാര്യവട്ടം ഗവ. കോളേജില്‍ നാല് ബ്ലോക്കുകളിലായി മൂന്ന് നിലകളിലുള്ള കെട്ടിടങ്ങളാണ് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഒപ്പം പുതിയ പി.ജി. കോഴ്‌സുകളും ആരംഭിക്കും.  രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നുവന്ന ശാസ്ത്രയാന്‍ 2018 ന്റെ സമാപനവും മന്ത്രി നിര്‍വഹിച്ചു.  ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 25 കര്‍മപദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ സെക്രട്ടറി ഡോ. എസ്. ബൈജു, പി.റ്റി.എ പ്രസിഡന്റ് വിമല്‍ദാസ്, എക്‌സിക്യൂട്ടീവംഗം ശാസ്തവട്ടം ഷാജി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു മോഹന്‍ എന്നിവരും സംസാരിച്ചു.