മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂർ, കാവനൂർ, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂർ, എടയൂർ, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകൾ. നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ഭക്ഷ്യ ഉൽപ്പാദന വിതരണ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി ലൈസൻസും രജിസ്‌ട്രേഷനും നൽകുന്നതിനായി മേളകൾ സംഘടിപ്പിക്കും.
സ്വകാര്യ പൊതു ഉടമസ്ഥതയിലുളള എല്ലാ കുടിവെളള വിതരണ സ്രോതസ്സുകളിലെയും വിതരണ സ്രോതസ്സുകളിലെയും ജലത്തിന്റെ ഗുണ നിലവാര പരിശോധന, അങ്കണവാടികളിലെയും സ്‌കൂളുകളിലെയും ഭക്ഷണ വിതരണം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുളള നടപടികൾ, പൊതുജനങ്ങൾക്ക് സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസുകൾ, കാർഷിക കർമസേനയുടെ സഹായത്തോടെ ഓർഗാനിക് ഫാമിങ്ങിൽ ബോധവൽക്കരണ പരിപാടികൾ എന്നിവ നടത്തും.
ഐ.എം.എ.യുടെയും ന്യൂട്രീഷ്യൻ ബോർഡിന്റെയും സഹകരണത്തോടെ കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കും. വഴിയോര കച്ചവടക്കാർ, മത്സ്യമാംസങ്ങൾ വിൽക്കുന്നവർ, പഴ വർഗങ്ങൾ വിൽക്കുന്നവർ തുടങ്ങിയവർക്ക് ബോധവൽക്കരണ ക്ലാസുകളും നൽകും.