കാസർഗോഡ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്.   ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്.
ഒരു ഏക്കര്‍  കരനെല്‍കൃഷിയില്‍ നിന്നും 150 പറ നെല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.   വിത മുതല്‍ കൊയ്ത്തു വരെ കുടുംബാഗങ്ങള്‍  തന്നെയാണ് എല്ലാ കൃഷി പണികളും ചെയ്തിരുന്നത്. കരനെല്‍ കൃഷി പുതിയ അനുഭവമാണെന്നും വരും  വര്‍ഷങ്ങളിലും കരനെല്‍കൃഷി തുടരണമെന്നാണ് ആഗ്രഹമെന്നും കര്‍ഷകനായ സെബാസ്റ്റ്യന്‍ അഞ്ചാനിക്കല്‍ പറഞ്ഞു.
ബളാല്‍ പഞ്ചായത്ത് നടപ്പാക്കി വരുന്ന കരനെല്‍കൃഷിയുടെ ആദ്യ ഘട്ടത്തിന്റെ കൊയ്ത്തു  പൂര്‍ത്തിയായിരിക്കുകയാണ്. കൊയ്ത്തു വാര്‍ഡ് മെമ്പര്‍ ജോയ് മൈക്കിള്‍ ഉദ്ഘടനം ചെയ്തു.കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍, ആത്മ ബി ടി എം ആന്‍ മരിയ എന്നിവര്‍ സംസാരിച്ചു.