കുടംബശ്രീ വിജയകഥകളുടെ സാക്ഷ്യവുമായി ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തിയ ടോക് ഷോ ‘സാക്ഷ്യം’ വനിതാ കൂട്ടായ്മയുടെ പ്രയത്‌ന കഥകള്‍ കൊണ്ട് ശ്രദ്ധേയമായി. കോട്ടായിയില്‍ നിന്നും ‘അമൃതം’ ന്യൂട്രിമിക്‌സ് യൂനിറ്റന്റെ വിജയകഥ അവതരിപ്പിച്ച് ഭഗീരഥി ഒന്നാം സ്ഥാനം നേടി. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ 2007 ല്‍ തുടങ്ങിയ ചെറിയൊരു യൂനിറ്റ് 2.25 കോടിയുടെ വിറ്റുവരവ് ലഭിക്കുന്ന യൂനിറ്റായി മാറിയതിന്റെ കഥയാണ് പങ്കുവെച്ചത്. സ്വന്തമായി മെഷീനുകള്‍ രൂപകല്‍പന ചെയ്ത,് സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചെടുത്ത്, പാക്കേജിങും വിപണനവും കൂട്ടായ്മയിലൂടെ സാധ്യമാക്കിയ അനുഭവസാക്ഷ്യം മറ്റ് യൂനിറ്റുകള്‍ക്ക് ആവേശമായി വാണിയംകുളത്ത് സംഘകൃഷിയിലൂടെ ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മേരി ജോര്‍ജ് രണ്ടാം സ്ഥാനം നേടി. ഉത്പന്ന വൈവിധ്യവും വിപണനവും മികവോടെ കൈകാര്യം ചെയ്ത അനുഭവ കഥ അവതരിപ്പിച്ച തേങ്കുറിശ്ശിയില്‍ നിന്നുളള അഞ്ജു മൂന്നാം സ്ഥാനം നേടി.
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ പരിശീലകയായും പ്രചോദനമായും ഒപ്പം നടന്ന പ്രിയാ രാമകൃഷ്ണനെ പ്രത്യേക പരിഗണന നല്‍കി സംസ്ഥാനതല ടോക്ക് ഷോയില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
കുടംബശ്രീയുടെ മാസച്ചന്തകള്‍, പരിശീലനങ്ങള്‍, കാംപുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന മേളകള്‍, സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ നല്‍കിയ പ്രചോദനം പങ്കെടുത്ത 13 പേരും പങ്കുവെച്ചു. സത്യസന്ധതയും പരസ്പരവിശ്വാസവും ഗുണനിലവാരത്തിലുളള ശ്രദ്ധയും കുടുംബത്തിന് താങ്ങാവണമെന്ന തീരുമാനവുമാണ് വിജയകഥകള്‍ക്ക് കാരണമായത്.
ഐ.റ്റി, ഗാര്‍മെന്റ്‌സ്, അടുക്കള ഉപകരണങ്ങള്‍, കൂണ്‍ കൃഷി, ഇളനീര്‍ വിപണനം, നെല്‍കൃഷി, സംഘകൃഷി, ആടുവളര്‍ത്തല്‍, കുടുംബശ്രീ കഫേ, ഹോളോ ബ്രിക്‌സ് നിര്‍മാണം, നാടക-സാംസ്‌കാരിക സംഘം എന്നീ മേഖലകളിലെ വിജയകഥകള്‍, പി.സുജ, കുഞ്ഞുമോള്‍, കൃഷ്ണകുമാരി, റുഖിയ, കനകലത, അന്നമ്മ, റെജി ബഷീര്‍, ലില്ലി, ലതാ മോഹന്‍ എന്നിവരാണ് അവതരിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി ടോക്ക് ഷോ നയിച്ചു. കുടംബശ്രീ ട്രെയ്‌നര്‍ പ്രമീള ടോക്ക് ഷോയില്‍ അവതാരികയായി.
ടൈംസ് ഓഫ് ഇന്ത്യ കറസ്‌പോണ്ടന്റ് ജി. പ്രഭാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, സാഹിത്യകാരിയും വിക്‌ടോറിയ കോളെജ് അധ്യാപികയുമായ സുനിത ഗണേഷ്, സാഹിത്യകാരന്‍ രാജേഷ് മേനോന്‍ എന്നിവരാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കേണ്ടവരെ നിര്‍ണയിച്ചത്.