വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, സിസിടിവി

എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10 ന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍, സിസിടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി., പി.ടി. തോമസ് എം.എല്‍.എ., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

മെഡിക്കല്‍ കോളേജിന്റെ ത്വരിത വികസനം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ഈ പദ്ധതികളുടെ പൂര്‍ത്തീകരണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച നിപ വെറസിനെതിരായ പോരാട്ടത്തിലും ഇപ്പോള്‍ നടക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും മെഡിക്കല്‍ കോളേജ് ചെയ്ത സേവനം വളരെ വലുതാണ്. അതിനാല്‍ തന്നെയാണ് മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ എറണാകുളം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഈ പദ്ധതികളോടെ മെഡിക്കല്‍ കോളേജില്‍ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.


ആര്‍ദ്രം പദ്ധതി

സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ ആര്‍ദ്രം മിഷന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 3.8 രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഒ.പി. മുറികള്‍ നവീകരിച്ചും കാത്തിരിപ്പ് കേന്ദ്രങ്ങളും, മികച്ച ഇരിപ്പിടങ്ങളും, ശുചിമുറികളും സ്ഥാപിച്ചും ഒ.പി ബ്ലോക്കുകളുടെ സമഗ്ര
നവീകരണം നടപ്പിലാക്കി രോഗി സൗഹൃദമാക്കി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് സ്‌കൈ ബ്രിഡ്ജുകളാണ് സ്ഥാപിച്ചത്. ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ എട്ട് കൗണ്ടറുകള്‍ സ്ഥാപിച്ച് ഒ.പി. കൗണ്ടര്‍ വിശാലമാക്കുകയും നവീകരിക്കുകയും ചെയ്തു. ഒ.പി. ഫാര്‍മസിയുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ട സൗകര്യങ്ങളോടെ വിശാലമായ പ്രദേശത്തേക്ക് പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞു.

ഇ-ഹെല്‍ത്ത് പദ്ധതിയും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു കഴിഞ്ഞു. ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ ഒ.പി.കളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടുകൂടി രോഗികള്‍ ക്യൂവില്‍ നില്‍ക്കുന്ന സമയം ലഘൂകരിക്കാന്‍ സാധിക്കും. കൂടാതെ രോഗികളുടെ പരിശോധന ഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഡോക്ര്‍മാരുടെ സമീപത്തെ കമ്പ്യൂട്ടറുകളില്‍
ലഭ്യമാകുകയും ചെയ്യുന്നു.


അത്യാധുനിക ഐ.സി.യു.

നാല് കോടി രൂപ ചെലവിട്ട് നവീകരിച്ച ഐ.സി.യു കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഐ.സി.യുകളില്‍ ഒന്നാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ ആശുപത്രിയുടെ മുഖ്യ ഐ.സി.യു ആയി പ്രവര്‍ത്തിക്കുന്നത് ഈ ഐ.സി.യു ആണ്. എക്‌മോ മെഷീന്‍ വെന്റിലേറ്റര്‍ അടക്കമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഈ ഐ.സി.യുവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രവര്‍ത്തനസജ്ജമായ ഈ ഐ.സി.യുവില്‍ ഒരേ സമയം എഴുപതോളം രോഗികളെ കിടത്തി ചികത്സിക്കാന്‍ കഴിയും. നിലവില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള നാല്‍പതോളം കോവിഡ് ബാധിതര്‍ക്ക് വിദഗ്ധ രോഗിപരിചരണം നല്‍കാന്‍ ഈ ഐ.സി.യു. മൂലം സാധിക്കുന്നുണ്ട്. സി-പാപ് സൗകര്യമുള്ള പതിനാറ് വെന്റിലേറ്ററുകളും, രണ്ട് എ.ബി.ജി. മെഷീനുകളും, ഒരു അള്‍ട്രാസൗണ്ട് സ്‌കാനിംഗ് & എക്കോ മെഷീനും ഈ ഐ.സി.യുവില്‍ സ്ഥാപിച്ചിട്ടുണ്ട്.


പി.സി.ആര്‍. ലാബ്

കോവിഡ് പരിശോധനയ്ക്കായി ദ്രുതഗതിയിലാണ് 1.63 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജില്‍ ആര്‍.ടി.പി.സി.ആര്‍. ലാബ് സജ്ജമാക്കിയത്. നിലവില്‍ മൂന്ന് പി.സി.ആര്‍. മെഷീനുകളാണ് ലാബില്‍ ഉള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ലാബില്‍ ദിവസേന ആയിരത്തോളം ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ നടത്തി വരുന്നു.


മോര്‍ച്ചറി

പോസ്റ്റ്‌മോര്‍ട്ടം തീയേറ്റര്‍ റൂമുകളുടേയും മോര്‍ച്ചറിയുടേയും സമഗ്ര വികസനം ലക്ഷ്യമാക്കി ആധുനിക മോര്‍ച്ചറി സംവിധാനമാണ് സജ്ജമാക്കിയത്. ഒരേ സമയം 12 മൃതുദേഹങ്ങള്‍ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാര്‍ ഫ്രീസര്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. 80 ലക്ഷം രൂപയാണ് മോര്‍ച്ചറി നവീകരണത്തിനായി ചെലവായത്.


പവര്‍ ലോണ്‍ട്രി

മുപ്പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒന്നും അറുപത് കിലോഗ്രാം വീതം കപ്പാസിറ്റിയുള്ള രണ്ട് വാഷിംഗ് മെഷീനുകളും, അന്‍പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒരു ടമ്പള്‍ ഡ്രയര്‍ റും ഒരു ഫ്‌ളാറ്റ് വര്‍ക്ക് അയണറും ഉള്‍പ്പെടെ 65 ലക്ഷം ചെലവഴിച്ചാണ് നൂതന പവര്‍ ലോണ്‍ട്രി സജ്ജമാക്കിയത്. മണിക്കൂറില്‍ ഇരുന്നൂറ് ബെഡ് ഷീറ്റ് അലക്കി ഉണക്കിയെടുക്കാന്‍ ഈ പവര്‍ ലോണ്‍ട്രിയില്‍ സാധിക്കും.


ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍

ഇരുപത്തിയഞ്ച് കോടി രൂപ ചെലവില്‍ എം.ആര്‍.ഐ. അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചുവരുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി ഒന്നര കോടി രൂപ വിലയുള്ള ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന്റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന ഈ സംവിധാനം കേരളത്തില്‍ ഈ
സ്ഥാപനത്തിലും തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലും മാത്രമാണ് ഉള്ളത്.


സിസിടിവി

98.8 ലക്ഷം രൂപ ചെലവഴിച്ചാണ് 130 ക്യാമറകളുള്ള സിസിടിവി സംവിധാനം സജ്ജമാക്കിയത്. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസിയുകളില്‍ 20 ക്യാമറകള്‍ കൂടി സ്ഥാപിച്ചു. മൂന്ന് മാസത്തോളം റെക്കേഡുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ്.