കാക്കനാട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. സ്വന്തം കുടുംബങ്ങളില്‍ വളരാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയ കാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണനയുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുടുംബാന്വോഷണ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും. മാനദണ്ഡപ്രകാരം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയറിന് നല്‍കുക. കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. ഇത് താത്കാലിക സംരക്ഷണ സംവിധാനമാണ്. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിന് മാര്‍ച്ച് 17 നകം ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ബൈലൈന്‍ നമ്പര്‍ 1, ശിവ ടെമ്പിള്‍ റോഡ്, എസ് പി ക്യാമ്പ് ഓഫീസിന് സമീപം, തോട്ടക്കാട്ടുകര, ആലുവ – 683108 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍- 0484 2609177. ഇമെയില്‍-dcpuernakulam@gmail.com