വിഭിന്ന തട്ടുകളിലായി ഭരണനിര്‍വഹണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളെ ഏകീകരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നെടുവത്തൂര്‍ പഞ്ചായത്ത് ഓഫീസിന്റെ പുതിയ    കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധരായ ജീവനക്കാരെ പരസ്പരം വിന്യസിക്കാന്‍ കഴിയും വിധമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കും. മാലിന്യ നിക്ഷേപം ഇപ്പോള്‍ തന്നെ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗപ്രദമാക്കുന്നതിന് സ്ഥാപിച്ച ഷ്രെഡിംഗ് യൂണിറ്റുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 75 എണ്ണമുള്ളത് 200 ആയി വര്‍ധിപ്പിക്കും.
ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം രണ്ടര ലക്ഷം വീടുകള്‍     പണിയുന്നതിന് 2500 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കും. ഇക്കൊല്ലം 66,000 വീടുകള്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശം സാധ്യമാക്കും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ രണ്ടര ലക്ഷം പേര്‍ക്ക് വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങളുമാകും തീര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ശ്രീകല, സെക്രട്ടറി എം. ജയകുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.