പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, ബോധവത്ക്കരണം

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ ദേശീയ പോഷന്‍ മാസമായി ആചരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മാസാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് വനിത ശിശു വികസന വകുപ്പിന് കീഴില്‍ സമ്പുഷ്ട കേരളം പദ്ധതി വഴി അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നത്. ഗുരുതരമായ പോഷകാഹാരകുറവുള്ള കുട്ടികളെ കണ്ടെത്തി തുടര്‍ നടപടികള്‍ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക, അങ്കണവാടി തലത്തിലും കുടുംബങ്ങളിലും പോഷകസമ്പന്നമായ അടുക്കളത്തോട്ടങ്ങള്‍ രൂപീകരിക്കല്‍ എന്നീ രണ്ടു പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പോഷണ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. 17,675 അങ്കണവാടി കേന്ദ്രങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവുമായി ചേര്‍ന്ന് പോഷണ കലവറ ഒരുക്കുന്നു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികളുടെ പോഷണ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഒരു ദിവസം ഒരു ഫലം നല്‍കുന്ന പഴക്കൂട എന്ന പദ്ധതിയ്ക്കും തുടക്കമായി.

ഇന്ത്യന്‍ ഡയറ്റെറ്റിക് അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും അങ്കണവാടിയിലെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ന്യൂട്രിഷനിസ്റ്റുമായി ടെലി കണ്‍സള്‍ട്ടേഷന്‍ ഒരുക്കുന്നു. കൂടാതെ ഐഎംഎ, ഐഎപി, എന്നിവരുമായി സഹകരിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും അങ്കണവാടിയിലെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷനും നടത്തുന്നു. ഇതുകൂടാതെ ഒരു കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന അനിമേഷന്‍ വീഡിയോയും പഴങ്ങളുടെയും പച്ചക്കറിയുടെയും ഗുണങ്ങള്‍ മനസിലാക്കുന്ന ബോധവത്കരണ കാമ്പയിനും സംഘടിപ്പിക്കുന്നു.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ചന്ദ്രബാബു ആശംസയും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ കൃതജ്ഞതയും രേഖപ്പെടുത്തി.

കൃഷി വകുപ്പില്‍ നിന്നും പോഷണ കലവറ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന കമ്മ്യൂണിറ്റി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രൊഫസര്‍ & ഹെഡ് ഡോ. സുമ ദിവാകര്‍, ഡോ. ജി.കെ. ബേല, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കൃഷ്ണജ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി സുധ എന്നിവര്‍ പങ്കെടുത്തു.