കാസർഗോഡ്: കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക് നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയുടെ മലയാളം ഭാഷാപോർട്ടൽ സന്ദർശിക്കുന്നവരുടെ  എണ്ണം അഞ്ച് കോടിയിലേക്ക് എത്തി.’
23 ഭാഷകളിലുള്ള പോർട്ടലിൽ പുതിയ വിവരദാതാക്കളുടെ എണ്ണവും പോർട്ടൽ സന്ദർശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തിൽ അനുദിന വർദ്ധനവ് ആണ് ഉണ്ടാകുന്നതെന്ന് സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു പറഞ്ഞു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊർജ്ജം ,ഇ – ഭരണം തുടങ്ങിയ ആറ് വിഷയങ്ങളിലാണ് വിവരങ്ങളും വിവരദാതാക്കളും ഉള്ളത്. ഓൺലൈൻ  സന്നദ്ധ പ്രവർത്തകരാണ്  വിവരദാതാക്കൾ.നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ പണമിടപാടുകളെ കുറിച്ചും ജി.എസ്.ടി. നിലവിൽ  വന്നതോടെ ജി.എസ്.ടി.യെക്കുറിച്ചറിയാനുമാണ് കൂടുതൽ പേർ വികാസ് പീഡിയ സന്ദർശിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും സർവ്വകലാശാലകളും സ്ഥാപനങ്ങളുമായി ചേർന്നാണ് മലയാളം ഭാഷാ പോർട്ടലിന്റെ പ്രവർത്തനം .നിലവിൽ സ്റ്റേറ്റ് നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. സാങ്കേതിക കാര്യങ്ങളിൽ നേതൃത്വം നൽകുന്ന സി-ഡാക് കേരളത്തിൽ വിവിധ സോഫ്റ്റ് വെയറുകളും മൊബൈൽ ആപ്ലിക്കേഷനുകളും നിർമ്മിച്ചു നൽകുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലയിലും ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളുടെ ഏകോപനം നടന്നു വരികയാണ്.   കാസർഗോഡ്  ജില്ലയിൽ കൂടുതൽ വിവരദാതാക്കൾ പുതിയതായി കടന്നു വന്നിട്ടുണ്ടന്നും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണന്നും കാസർഗോഡ്  ജില്ലാ ഇ – ഗവേണൻസ് സൊസൈറ്റി പ്രൊജക്ട് മാനേജർ ശ്രീരാജ് പി.നായർ. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു. ,ടെക് നിക്കൽ ഹെഡ് ജുബിൻ അഗസ്റ്റ്യൻ എന്നിവർ പറഞ്ഞു