അടിത്തട്ടിലുള്ള അഭിപ്രായരൂപീകരണത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ടെന്ന് സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇന്ന് കൂടുതല്‍ നന്നായി മാധ്യമധര്‍മം അനുഷ്ഠിക്കുന്നത് പ്രാദേശിക മാധ്യമങ്ങളും ഓണ്‍ലൈന്‍ മാസികകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പഠന ഫെലോഷിപ്പുകള്‍ ടാഗോര്‍ തീയറ്ററില്‍ വിതരണം ചെയ്തുസംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.
ഇംഗ്‌ളീഷ് ഭാഷയിലും മറ്റുമുള്ള ദേശീയ മാധ്യമങ്ങള്‍ പലതും വില്‍ക്കപ്പെട്ടുകഴിയുകയും ചില പ്രത്യേക താത്പര്യങ്ങളുടെ സേവകരായി മാറിക്കഴിഞ്ഞുവെന്നും, അവര്‍ക്ക് സത്യം പറയാനുള്ള ശേഷി നഷ്ടപ്പെട്ടതായും ഭയത്തോടെ തിരിച്ചറിയുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രാദേശിക മാധ്യമങ്ങളുടെ നിയോഗം കൂടുതല്‍ പ്രധാനമായി മാറുന്നുണ്ട്. അതിനാല്‍ പ്രാദേശിക മാധ്യമങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നതും അവരുടെ ഗവേഷണത്തെ പ്രോത്‌സാഹിപ്പിക്കുക എന്നതും പ്രധാനമാണ്.
മാധ്യമങ്ങള്‍ സത്യം പറയാന്‍ എന്നതുപോലെ സത്യം മറച്ചുവെക്കാനും ഉപയോഗിക്കാന്‍ കഴിയുമെന്ന് അനുദിനം തെളിയുന്ന ഇരുണ്ട ഇടവേളയിലൂടെയാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെ ചരിത്രം കടന്നുപോകുന്നത്. അധികാരത്തോട് സത്യം പറയുക എന്നതാണ് മാധ്യമങ്ങളുടെ മൗലിക നിയോഗം. വന്‍ മാധ്യമങ്ങള്‍ ഇന്ന് ചെയ്യുന്നത് കൃത്യമായി അതുതന്നെയാണോ എന്ന് സംശയം വായനക്കാര്‍ക്കിടയിലും കാഴ്ചക്കാര്‍ക്കിടയിലും ഉയര്‍ന്നുവരികയാണ്. ജനങ്ങളുടെ കാഴ്ചപ്പാടില്‍നിന്നാണോ സാമൂഹ്യജീവിതത്തേയും രാഷ്ട്രീയജീവിതത്തേയും നേതൃത്വങ്ങളെയും പരിപാടികളെയും വികസനസങ്കല്‍പ്പങ്ങളെയും നോക്കിക്കാണുന്നത് എന്ന ചോദ്യം വളരെ സ്വാഭാവികമായി ഇന്ന് മാധ്യമങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
ചില വന്‍കിട കോര്‍പറേറ്റുകളെ, അല്ലെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തെ പിന്നോട്ടുകൊണ്ടുപോകുന്ന പ്രതിലോമ ശക്തികളുടെ താത്പര്യങ്ങളെയാണ് പല മാധ്യമങ്ങളും അനുസ്യൂതം സേവിക്കുന്നത് എന്ന സംശയം വളരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.21 പേര്‍ക്കാണ് വിവിധ മേഖലകളിലായി മാധ്യമ പഠന ഫെലോഷിപ്പുകള്‍ വിതരണം ചെയ്തത്.
ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ കെ. സച്ചിദാനന്ദനെ ചടങ്ങില്‍ ആദരിച്ചു. വേള്‍ഡ് ഫോട്ടോഗ്രാഫര്‍ പ്രൈസ് നേടിയ നിക്ക് ഉട്ട്, ലോസ് ഏഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, ജയ്ഹിന്ദ് ടി.വി എഡിറ്റര്‍ കെ.പി. മോഹനന്‍, കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.