സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ- സാംസ്‌കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിച്ചു. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ കഴനി- ചുങ്കത്തുള്ള 14 സെന്റ് സ്ഥലത്ത് കേരള സാസ്‌കാരിക വകുപ്പ് അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഇന്ദുചൂഡന്‍ സ്മാരക നിലയം നിര്‍മിക്കുന്നത്.

കഴനി ചുങ്കത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശിലാസ്ഥാപന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ അദ്ധ്യക്ഷയായി. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ ഉമ്മര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. രമേശ് കുമാര്‍, സുഭദ്ര, സംഗീത ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ ഉണ്ണികൃഷ്ണ്ണന്‍, പി. വേലായുധന്‍, മഞ്ജുഷ എന്നിവർ പങ്കെടുത്തു.