കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കഴിഞ്ഞ നാലര വർഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും ജില്ല, ജനറൽ ആശുപത്രികൾ കൂടുതൽ മികച്ച നിലയിലും ആയിട്ടുണ്ട്. ഈ യാഥാർത്ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല. നാട്ടിലെ ജനങ്ങളും മറ്റു സംസ്ഥാനങ്ങളും രാജ്യവും ലോകവും കേരളത്തിന്റെ നേട്ടം അംഗീകരിക്കുമ്പോഴും അതിനു കഴിയാത്ത മാനസികാവസ്ഥയിലുള്ളവർ നാട്ടിലുണ്ട്.

കോവിഡ് മഹാമാരിയെ നല്ലരീതിയിൽ പിടിച്ചു നിർത്തിയതിലും അവർക്ക് വിഷമമായിരുന്നു. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മരണ നിരക്ക് നല്ല രീതിയിൽ പിടിച്ചുനിർത്താൻ കേരളത്തിന് കഴിഞ്ഞു. ലോകത്തിലെ മുൻനിര പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളം. അതിലും ഇക്കൂട്ടർക്ക് വിഷമമുണ്ട്. ശരിയായ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാനുള്ള ശ്രമമുണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിനായി 351 കോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു. മാസ്റ്റർപ്‌ളാൻ ലഭിക്കുന്ന മുറയ്ക്ക് കിഫ്ബിയിൽ നിന്ന് തുക ലഭ്യമാക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനം യാഥാർത്ഥ്യമാക്കും. പത്തനംതിട്ട ജില്ലയ്ക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും ശബരിമല തീർത്ഥാടകർക്കും കോന്നി മെഡിക്കൽ കോളേജ് പ്രയോജനപ്പെടും. അടുത്ത ഘട്ട വികസനം സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടേകാൽ ലക്ഷം വീടുകൾ ലൈഫ് മിഷൻ വഴി പൂർത്തിയാക്കി. ഈ ജൻമത്തിൽ സ്വന്തമായി വീടു വയ്ക്കാൻ സാധിക്കാത്ത നിരവധി കുടുംബങ്ങൾ ഇന്ന് സ്വന്തം വീട്ടിൽ കഴിയുന്നു. വീടുകൾ നിർമിക്കാൻ കഴിഞ്ഞത് നാടിന്റെ നേട്ടമാണ്. അതിനെ ചിലർ കരിവാരിതേയ്ക്കാൻ ശ്രമിക്കുന്നു. ലൈഫിലെ ബാക്കി വീടുകളുടെ നിർമാണവും ഉടൻ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വനം മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി. എം. എൽ. എമാരായ കെ. യു. ജനീഷ്‌കുമാർ, രാജു എബ്രഹാം, വീണാജോർജ്, ജില്ലാ കളക്ടർ പി. ബി നൂഹ്, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.