കായികരംഗത്ത് ലോകോത്തര താരങ്ങളെ വാർത്തെടുക്കുകയെന്നതാണ് സർക്കാറിന്റെ കായികനയമെന്ന് കായിക-യുവജനകാര്യ-വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കോട്ടായി ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ഏഴരക്കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2020-24 ഒളിംപിക്‌സ് ലക്ഷ്യമാക്കി കായികതാരങ്ങളെ കണ്ടെത്തി ഒരുക്കിയെടുക്കാനുള്ള സർക്കാർ ശ്രമമാണ് ഓപ്പറേഷൻ ഒളിംപ്യ. ഇതിനായി 400 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ കായികക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക മിഷൻ ആരംഭിക്കും. യോഗ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

യുവാക്കൾക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് പതിനാല് ജില്ലകളിലും സ്‌പോർട്‌സ് കോംപ്ലക്‌സ് ഒരുക്കുന്നത്. ഇതിലേക്ക് കിഫ്ബി വഴി 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലക്കാട്ടെ ഇൻഡോർ സ്‌റ്റേഡിയം സ്‌പോർട്‌സ് വകുപ്പ് ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കും. പാലക്കാട്ടെ പെരിങ്ങോട്ട്കുറുശ്ശിയിലും സ്‌പോർട്‌സ് കോംപ്ലക്‌സ് അനുവദിക്കും. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി ഇൻഫ്രാസ്ട്രക്ചർ കമ്പനി രൂപീകരണം ആലോചനയിലാണ്. കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തും. കായികതാരങ്ങളുടെ ഭാവി സുരക്ഷിതമാക്കാനായി ഇൻഷൂറൻസ് പദ്ധതിയും ആരോഗ്യ പദ്ധതിയും നടപ്പാക്കും. യുവാക്കൾക്ക് തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായം നൽകുന്നതാണ് സർക്കാർ പദ്ധതിയെന്നും മന്ത്രി റഞ്ഞു.

സാംസ്‌കാരിക-നിയമ-പട്ടികജാതി-വർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് പരിമിതികൾ മറികടക്കാൻ കിഫ്ബിയിലൂടെ ബദൽ മാതൃക തീർത്ത കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കായിക പരിശീലനത്തിന് കൂടി വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കായിക-യുവജനകാര്യാലയം സെക്രട്ടറി സഞ്ജയ്കുമാർ ഐ.എസ്.എസ്, സ്‌പോർട്‌സ് എൻജിനീയറിംഗ് വിംഗ് ചീഫ് എൻജിനീയർ എൻ. മോഹൻകുമാർസ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, കുഴൽമന്ദം ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. ഷേർളി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ടി.എൻ. കണ്ടമുത്തൻ, സ്വാഗതസംഘം കൺവീനർ കീഴത്തൂർ മുരുകൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.