ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും-മന്ത്രി ജി സുധാകരൻ

ആലപ്പുഴ: 625 കോടി രൂപ പുനര്‍നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുകുമെന്നു പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. 80 പാലങ്ങളും 5 കിലോമീറ്റർ ഫ്ലൈഓവറും ഉൾപ്പെടുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തിൽ പണി പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം വിവിധസ്ഥലങ്ങളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2000 കോടി രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അമ്പലപ്പുഴ മണ്ഡലത്തില്‍ തുടക്കം കുറിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. അതിൽ മിക്കതും പൂർത്തിയായിക്കഴിഞ്ഞു. ചിലത് പൂര്‍ത്തിയായി വരുന്നു. വിവിധ പദ്ധതികളില്‍ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് എല്ലാ റോഡുകളും നിർമ്മിച്ചിട്ടുള്ളത്. അമ്പലപ്പുഴ മണ്ഡലത്തിൽ ബജറ്റിൽ ഉൾപ്പെടുത്തി 70 കോടി രൂപ മുടക്കി നിർമ്മിക്കുന്ന വിവിധ റോഡുകളുടേയും 30 കോടി സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെയും നബാർഡിൽ ഉൾപ്പെടുത്തിയ റോഡുകളുടെയും ഉൾപ്പെടെ 35 റോഡുകളുടെ ഉദ്ഘാടനം മൂന്നുദിവസങ്ങളിലായി നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കയ എട്ടു റോഡുകളുടെ ഉദ്ഘാടനം അദ്ദേഹം മന്ത്രി നിർവഹിച്ചു.

2017- 18 ബജറ്റ് നിര്‍ദ്ദേശ പ്രകാരം അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന 51 ഗ്രാമീണ റോഡുകൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർ നിർമിക്കുന്നതിന് ആലപ്പുഴ-അമ്പലപ്പുഴ റോഡ് നെറ്റ്‌വർക്ക് എന്ന പേരിൽ 70 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഭരണാനുമതി നൽകിയിരുന്നു. ഇതുപ്രകാരമുള്ള മിക്ക പ്രവർത്തികളും ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ ഉദ്ഘാടനചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം ജുനൈദ്, പഞ്ചായത്ത് പ്രസിഡൻറ് സുവർണ്ണ പ്രതാപൻ, വൈസ് പ്രസിഡൻറ് വി കെ വിശ്വനാഥൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി വിനു, വാർഡ് കൗൺസിലർ സലില കുമാരി ടീച്ചർ, ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഉന്നത നിലവാരത്തിൽ ബിഎംബിസി റോഡുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത റോഡുകളുടെ ചുവടെ.

കളർകോട് ക്ഷേത്രം പോളേപ്പറമ്പ് റോഡ് : ക്ഷേത്രത്തിൻറെ തെക്കുവശം പഴയനടക്കാവ് റോഡിൽ നിന്ന് ആരംഭിച്ച് പോളേപ്പറമ്പിൽ അവസാനിക്കുന്ന റോഡ് 2037 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലും ആണ് പുനര്‍നിര്‍മാണം പൂർത്തിയാക്കിയത്. പ്രവർത്തിക്കായി 2.06 കോടി രൂപ ചെലവഴിച്ചു.

തൂക്കുകുളം തയ്യിൽപാടം റോഡ് : തൂക്കുകുളം ജംഗ്ഷനിൽ നിന്നും തുടങ്ങി പഴയനടക്കാവ് റോഡിലൂടെ കടന്ന് തയ്യിൽ പാടത്ത് അവസാനിക്കുന്ന റോഡ് 1800 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലും ആണ് ബിഎംബിസി നിലവാരത്തില്‍ നിർമ്മിച്ചത്. 2.66 കോടി രൂപ ഇതിനായി ചെലവഴിച്ചു. തെർമോപ്ലാസ്റ്റിക് പെയിൻറിങ് , പെഡസ്ട്രിയൽ ക്രോസിംഗ് ,സൈൻ ബോർഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

കപ്പക്കട-സൗത്ത് കോസ്റ്റൽ റോഡ് : 750 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. 76 ലക്ഷം രൂപ ചെലവഴിച്ചു.

കപ്പക്കട-പത്തില്‍ പാലം റോഡ് : കപ്പക്കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കിഴക്കോട്ട് പഴയനടക്കാവ് റോഡിലെ പത്തിൽ പാലത്ത് അവസാനിക്കുന്ന റോഡ് 326 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. 37 ലക്ഷം രൂപ ചെലവഴിച്ചു.

കൊഴമാത്ത് റോഡ് : കോഴമാത്ത് എസ്.ഡബ്ല്യൂ.എസ്. ജംഗ്ഷൻ റോഡ് കളർകോട് ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച് പോളേപറമ്പിലേക്കുള്ള ഭാഗത്ത് അവസാനിക്കുന്നു. 480 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമാണ് പൂർത്തീകരിച്ചത്. 97.7 8 ലക്ഷം രൂപ ചെലവഴിച്ചു.

വാട്ടർ വർക്സ് -കോന്നോത്ത് കൈമൂട്ടില്‍ റോഡ് പുനരുദ്ധാരണം: 440 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് റോഡ് പൂർത്തീകരിച്ചത്. 58.66 ലക്ഷം രൂപ ചെലവഴിച്ചു.

വാട്ടർ വർക്സ് ബ്രാഞ്ച് റോഡ് ഒന്നിന്‍റെ പുനരുദ്ധാരണം : പതിനഞ്ചിൽ കടവിൽ നിന്ന് ആരംഭിച്ച് പഴയനടക്കാവ് റോഡിലൂടെ കടന്നു വാട്ടർ വർക്സ് കോന്നോത്ത് റോഡില്‍ അവസാനിക്കുന്ന റോഡ് 294 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിൽലാണ് പുനർനിർമ്മിച്ചത്. 50 ലക്ഷം രൂപ ചെലവഴിച്ചു.

വാട്ടർ വർക്സ് ബ്രാഞ്ച് റോഡ് 2: പഴയനടക്കാവ് റോഡിൽ നിന്ന് ആരംഭിച്ച് വാട്ടർ വർക്സ് കോന്നോത്ത് റോഡിൽ അവസാനിക്കുന്ന വാട്ടർ വർക്സ് ബ്രാഞ്ച് 2 റോഡിൻറെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 183 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് ആധുനിക രീതിയില്‍ റോഡ് നിർമ്മിച്ചിട്ടുള്ളത്. 18 ലക്ഷം രൂപ പ്രവർത്തിക്കായി ചെലവഴിച്ചു.