വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പുതുശ്ശേരിയില്‍ ആരംഭിച്ച വനിതാ ജിംനേഷ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ശിവകാമി അധ്യക്ഷയായി. വനിതകള്‍ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിലൂടെ  ജീവിത ശൈലി രോഗം കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പുരുഷന്മാര്‍ക്കായി ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വനിതാ ജിംനേഷ്യം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുശ്ശേരി പഞ്ചായത്ത് 2019- 20 സാമ്പത്തിക വര്‍ഷത്തിലെ വനിത ഘടകപദ്ധതിയിലുള്‍പ്പെടുത്തി മൂന്നര ലക്ഷം  ചെലവിട്ടാണ് വനിതാ ജിംനേഷ്യം സാധ്യമാക്കിയത്. വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ ജിംനേഷ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രീകോട്ട്  കോളനിയിലെ അങ്കണവാടിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുന്നത്.  എല്ലാ ദിവസവും പഞ്ചായത്തിലുള്ള വനിതകള്‍ക്ക് ഇവിടെ വ്യായാമത്തിനും പരിശീലനത്തിനുമുള്ള സൗകര്യം ഒരുക്കും. പരിചയസമ്പന്നയായ വനിത പരിശീലകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുമെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലിമി ലാല്‍ പറഞ്ഞു. പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.ഉദയകുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എല്‍ ഗോപാലന്‍, സി.ചാമി, എം.ജീന, വാര്‍ഡ് മെമ്പര്‍ എം.വി.മനോഹരന്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ സുഭാഷ്, എന്നിവര്‍ സംസാരിച്ചു.