ഡയാലിസിസ് സെന്റര്‍ ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു


മഞ്ചേശ്വരത്തിന് ഇനി ആശ്വാസ നാളുകള്‍
കാസർകോട്: ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ എം സി കമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ഐഷല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് എന്നിവര്‍ മുഖ്യാതിഥികളായി.

ആരോഗ്യസേവനങ്ങള്‍ക്കായി മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്നതാണ് മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് കേന്ദ്രം. കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്. ചികിത്സ നിഷേധം മൂലം ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവും എം സി കമറുദ്ദീന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫും നടപടികള്‍ വേഗത്തിലാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.


കാസര്‍കോടിന്റെ ആരോഗ്യമേഖല പുരോഗതി പ്രാപിക്കുന്നു, നല്‍കുന്നത് പ്രത്യേക പരിഗണന: ആരോഗ്യ മന്ത്രി
 കാസര്‍കോടിന്റെ ആരോഗ്യമേഖല സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലുകളിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം വളരെയധികം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംവിധാനം ശക്തമല്ലാതിരുന്ന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കി വരുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍  സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ നികത്തുകയും അത്യാവശ്യമുള്ളിടത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്ന തരത്തില്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ പ്രാരംഭനടപടികളെന്നോണം ആദ്യഘട്ടത്തില്‍ തന്നെ 293 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഏറെ താമസിയാതെ ഇത് പൂര്‍ത്തിയാവും. സാധാരണഗതിയില്‍ കുറച്ച് തസ്തികകള്‍ സൃഷ്ടിച്ച് ക്രമേണ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാസര്‍കോടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിയാണ് ആദ്യഘട്ടത്തില്‍ തന്നെ കൂടുതല്‍ തസ്തികകള്‍ മെഡിക്കല്‍ കോളേജിന് നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിരവധി പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ശേഷം മാത്രമേ കേന്ദ്ര അതോറിറ്റി അനുവാദം തരികയുള്ളു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ കിഫ്ബി വഴി രണ്ടായിരം കോടിരൂപയാണ് ചെലവഴിക്കാന്‍ പോവുന്നത്. മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ കിഫ്ബിയുടെ മുന്നിലുണ്ട്.  വികസനം ഏതെങ്കിലും പ്രത്യേക മേഖലകളില്‍ ഒതുക്കാതെ എല്ലാവര്‍ക്കും പ്രാപ്യമാവുന്ന തരത്തിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സിഎച്ച്‌സികളെ താലൂക്ക് ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍  പദ്ധതിയില്‍ ആദ്യപരിഗണന ലഭിച്ചത് മംഗല്‍പ്പാടി ആരോഗ്യ കേന്ദ്രത്തെയാണ്. നേരത്തെ സിഎച്ച്‌സിയുടെ നിലവാരം പോലുമില്ലാതിരുന്ന സ്ഥാനത്താണ് പുതിയ താലൂക്ക് ആശുപത്രിയായി ക്രമേണ വികസിപ്പിച്ചു വരുന്നത്. ഒമ്പത് ഡോക്ടര്‍, മറ്റു ജീവനക്കാരടക്കം 42 തസ്തികകളാണ് ഇവിടെ സൃഷ്ടിച്ചത്. അപഗ്രേഡ് ചെയ്ത ഒരു ആരോഗ്യകേന്ദ്രത്തില്‍ ഇത്രയധികം തസ്തികള്‍ സാധാരണ ഗതിയില്‍ നല്‍കാറില്ല. കൂടാതെ ലാബ് ആധുനീകരിക്കുന്ന പ്രക്രിയ തുടരുകയാണ്. താലൂക്കാശുപത്രിയെ പൂര്‍ണാര്‍ത്ഥത്തില്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍  വോര്‍ക്കാടി ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി പെര്‍ള, ബായാര്‍, പുത്തിഗെ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികളായിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ ആരിക്കാടി, മീഞ്ച, അംഗടിമൊഗര്‍ എന്നീ ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. മേഖലയുടെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൊറോണ മഹാമാരി പ്രതിസന്ധി തീര്‍ക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഇതിനെതിരേ പ്രതിരോധം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എല്ലാവരും കൈകോര്‍ത്തു; സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി
വിവിധ മേഖലകളിലുള്ളവര്‍ കൈകോര്‍ത്തതോടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത്. അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി. വൈദ്യുതീകരണം, ട്രാന്‍സഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍ഒ പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ലഭ്യമാക്കി. വിവിധ സന്നദ്ധ സംഘങ്ങളും കേന്ദ്രത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. 2.19 കോടി രൂപയാണ് പദ്ധതിക്കായി ചെലവായത്. മുന്‍ എംഎല്‍എയുടെ സ്മരണാര്‍ത്ഥം പി ബി അബ്ദുല്‍ റസാഖ് മെമോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.

പാവപ്പെട്ടവര്‍ക്ക് സൗജന്യം
ബിപിഎല്‍ വിഭാഗം, എസ്സി, എസ്ടി തുടങ്ങിയ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ബ്ലോക്ക് പരിധിയില്‍ നിരവധി വൃക്ക രോഗികളാണ് ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം കാസര്‍കോട്, മംഗലാപുരം ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ യാത്രാക്ലേശം സഹിച്ച് ഡയാലിസിസിനായി പോവുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആദ്യഘട്ടത്തില്‍ 90 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും. എല്ലാ രോഗികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചാത്ത് ഭരണ സമിതിയുടെ കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പരിശ്രമത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ ഡയാലിസിസ് സെന്റര്‍. ചികിത്സ കൂടാതെ വൃക്ക രോഗികള്‍ക്കായി സമാശ്വാസപ്രവര്‍ത്തനങ്ങളും വൃക്കരോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുളെ കുറിച്ച് ബോധവത്കരണവും ഡയാലിസിസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.


നടത്തിപ്പിന് മഞ്ചേശ്വരം ചാരിറ്റബള്‍ സൊസൈറ്റി
ഡയാലിസിസ് സെന്റര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്എംസി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള ഈ സോസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, കുമ്പള പ്രസിഡന്റ് കെ എല്‍ പുണ്ടരികാക്ഷ, പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി, വോര്‍ക്കാടി പ്രസിഡന്റ് ബി എ അബ്ദുല്‍ മജീദ്,  ബ്ലോക്ക് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ബഹറിന്‍ മുഹമ്മദ്, മുസ്തഫ ഉദ്യാവര്‍, ഫാത്തിമത് സുഹ്‌റ, ബിഡിഒ എന്‍ സുരേന്ദ്രന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ചന്ദ്രമോഹന്‍, ബ്ലോക്ക് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.