കണ്ണൂർ: തളിപ്പറമ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യത്തില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തളിപ്പറമ്പിലെയും സമീപ പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ രീതിയിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൂട്ടായ പരിശ്രമ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. കൊവിഡ് കാലത്ത് വലിയ പ്രയാസമാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും മുന്‍ഗണന കൊടുക്കേണ്ട പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാരിന് നിശ്ചയമുണ്ട്. അതിന്റെ ഭാഗമായാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ അതിമനോഹരമായ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഔദ്യോഗിക ഉദ്ഘാടനം പോലും നടത്താതെ യുദ്ധകാലാടിസ്ഥാനത്തിലാണ് താലൂക്ക് ആശുപത്രി കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കിയത്. തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് കാലതാമസം നേരിടേണ്ടി വന്നു- ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
സംസ്ഥാനത്തെ സബ്ബ് രജിസ്ട്രാര്‍ ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തളിപ്പറമ്പ് സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ആധുനിക സൗകര്യത്തോടു കൂടിയ പുതിയ കെട്ടിടം വേണമെന്ന പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ പരിഹരിച്ചത്. 155 വര്‍ഷം പഴക്കമുള്ള തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് ജീര്‍ണ്ണിച്ച കെട്ടിടത്തിലായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചത്. 1.12 കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി 391.81 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ ഓഫീസ് റൂം, സബ് രജിസ്ട്രാര്‍ റൂം, ലൈബ്രറി, വെയിറ്റിംഗ് ഏരിയ, ടോയ്‌ലെറ്റ് എന്നിവയും ഒന്നാമത്തെ നിലയില്‍ റെക്കോര്‍ഡ് മുറിയുമാണുള്ളത്. ഇതിന് പുറമെ അംഗപരിമിതര്‍ക്കായി റാംപ്, ടോയ്‌ലെറ്റ് സൗകര്യവും മഴവെള്ള സംഭരണി, പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല.
സബ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ മഹമ്മൂദ് അള്ളാംകുളം അധ്യക്ഷനായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ പി എസ് റോയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ രാജേഷ്, ഐ വി നാരായണന്‍, സജി ഓതറ, നഗരസഭാ കൗണ്‍സലര്‍ പി പി മുഹമ്മദ് നിസാര്‍, ഉത്തരമേഖല രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ ജി വേണുഗോപാല്‍, സബ് രജിസ്ട്രാര്‍ എം മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.