എറണാകുളം : ജില്ലയിൽ രണ്ട് കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ കൂടി പ്രവർത്തനസജ്ജമായി. കരുമാലൂർ എസ്. എൻ. ജി. ഐ. എസ്. ടി, രായമംഗലം ഐ. എൽ. എം കോളേജ് എന്നിവിടങ്ങളിൽ ആണ് പുതിയ എഫ്. എൽ. റ്റി. സികൾ പ്രവർത്തനം ആരംഭിക്കുന്നത്. കരുമാലൂരിൽ 120 പേർക്കുള്ള സൗകര്യവും രായമംഗലത്ത് 70 പേർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ സി. എഫ്. എൽ. റ്റി. സികളുടെ ആകെ എണ്ണം 16 ആയി.

ജില്ലയിലെ സി. എഫ്. എൽ. റ്റി. സികളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണം രുചിയുള്ളതും ഗുണമേന്മയുള്ളതുമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പാക്കണമെന്ന് കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. കോവിഡ് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സി. എഫ്. എൽ. റ്റി. സികളുടെ പ്രവർത്തനം വിലയിരുത്താനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയത്.

കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾക്ക് അധ്യാപകരെ നിയോഗിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട്‌ അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി അപേക്ഷകൾ സമർപ്പിക്കാൻ അദ്ദേശം നിർദേശിച്ചു.

അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.