എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന ദുരന്തനിവാരണ സേനയായ രക്ഷിത് സേനയിലെ അംഗങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായ ഉപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിളളി നിർവ്വഹിച്ചു.

ഫേസ് ഷീൽഡ്, സാനിറ്റൈസർ, ഗ്ലൗസ്, എൻ 95 മാസ്ക്, അണുനശീകരണ പമ്പുകൾ എന്നിവയാണ് വിതരണം ചെയ്തത്. 2020-21 പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചാണ് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയത്.

കോവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും നേതൃത്വപരമായ പങ്കാണ് അൻപത് പേരടങ്ങുന്ന രക്ഷിത് സേന നിർവഹിക്കുന്നത്. കണ്ടെയ്ൻമെൻ്റ് സോണുകളിൽ അണുനശീകരണം നടത്തുന്ന ദൗത്യവും സേന ഏറ്റെടുത്തു നടത്തി വരുന്നു. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശവസംസ്കാര ചടങ്ങുകൾക്കും ഇവരുടെ സേവനം ലഭിക്കും. പൂർണമായും സൗജന്യമായ സന്നദ്ധ സേവനമാണ് സേന നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ ശിവശങ്കരൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ലൈല വി.എം, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ: രക്ഷിത് സേനയിലെ അംഗങ്ങൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിളളി നിർവ്വഹിക്കുന്നു