* 88 ലക്ഷം കുടുംബങ്ങളിലേക്കെത്തും
കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയിൽ സർക്കാരിന്റെ കരുതൽ തുടരുന്നു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച്  നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങളിലേക്കാണെത്തുന്നത്.

ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും. എ.എ.വൈ. കാർഡുടമകൾക്ക് 24 മുതൽ 28 വരെയും 29,30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും.

കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സപ്ലൈകോയുടെ ശ്യംഖലകൾ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഓൺലൈൻ വിതരണവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് അതിജീവനക്കിറ്റിൽ 17 ഇനം അവശ്യസാധനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. 756 കോടി രൂപയാണ് സർക്കാർ ഇതിനായി സപ്ലൈകോയ്ക്ക് നൽകിയത്. കാർഡുടമകൾക്ക് പുറമെ അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയ വിവിധ ക്ഷേമ സ്ഥാപനങ്ങളിലുള്ള അന്തേവാസികൾക്ക് അതിജീവനക്കിറ്റുകൾ വിതരണം ചെയ്തു. 26 ലക്ഷം വിദ്യാർത്ഥികൾക്കും ഭക്ഷ്യകിറ്റ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് 91190 കിറ്റ് വിതരണം ചെയ്തു. ട്രാൻസ്ജെൻഡറുകളും പദ്ധതിയുടെ പ്രത്യേക ഗുണഭോക്താക്കളായി. ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകൾക്കായി 70 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും സമ്പർക്ക വിലക്കിലുള്ളവർക്കായി കാൽ ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകളും നൽകി.
ഓണക്കാലത്ത് പായസക്കൂട്ട് ഉൾപ്പെടെ 11 ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. ഓണക്കിറ്റിനായി 440 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ചത്. 88 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംപർ 24) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. സുരേഷ്‌കുറുപ്പ് എം.എൽ.എ.  ആദ്യകിറ്റ് വിതരണം ചെയ്യും.


സൗജന്യ കിറ്റ് വിതരണം: റേഷൻ കാർഡ് നമ്പർ അനുസരിച്ച് ക്രമീകരണം
റേഷൻ കടകൾ മുഖേന നടത്തുന്ന സൗജന്യ കിറ്റ് വിതരണത്തിന് റേഷൻ കാർഡിലെ അവസാന അക്കം അനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തി.

എ. എ. വൈ (മഞ്ഞ കാർഡുകൾക്ക്) കാർഡുകാർക്ക് സെപ്റ്റംബർ 24ന് വിതരണം തുടങ്ങും. കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവക്കാണ് വിതരണം ചെയ്യുക.

25ന് കാർഡ് നമ്പർ ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്പറുകളിലും 29ന് 6,7,8 നമ്പറുകളിലും പിങ്ക് കാർഡിന്റെ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാർഡുകൾക്കാണ് വിതരണം ചെയ്യുന്നത്.


30ന് മഞ്ഞ കാർഡ് ബാക്കിയുള്ളവർക്കും പിങ്ക് കാർഡ് ഉപഭോക്താക്കളിൽ അവസാന അക്കം 1,2 വരുന്നവർക്കും വിതരണം ചെയ്യും.

 ഒക്‌ടോബർ 15നകം മുഴുവൻ കാർഡുകൾക്കും വിതരണം പൂർത്തിയാക്കും.