തൃശ്ശൂർ: മാള ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിർമ്മാണം പൂർത്തിയായ പൊതുശൗചാലയം ജനങ്ങൾക്ക് തുറന്നു കൊടുത്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.65 ലക്ഷം രൂപ ചിലവഴിച്ചാണ് ടോയ്ലറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ടോയ്‌ലറ്റ് കെട്ടിടത്തിന്റെ  ഉദ്ഘാടനം  നിര്‍വഹിച്ചു.
850  ചതുരശ്ര അടിയിൽ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ പുരുഷന്മാര്‍ക്കായി മൂന്ന് ടോയ്ലറ്റുകൾ, എട്ട് യൂറിനറികൾ,  സ്ത്രീകള്‍ക്കായി നാല് ടോയ്‌ലറ്റുകള്‍, വെയിറ്റിംഗ് റൂം, ലോബി എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബസ് സ്റ്റാൻഡിൽ നിലവില്‍ ഉണ്ടായിരുന്ന ടോയ്ലറ്റ് കെട്ടിടം  പ്രളയം മൂലം നശിച്ചതിനാല്‍ ഇവിടെ എത്തുന്ന ബസ് യാത്രക്കാരും  പൊതു ജനങ്ങളും വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയ എം എല്‍ എ പുതിയ ടോയ്ലറ്റ് കെട്ടിടത്തിനായി  തുക അനുവദിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത്, മാള ബ്ലോക്ക് പഞ്ചായത്ത്, എന്നിവയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ്‌ ഗൗരി ദാമോദരൻ,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിജു ഉറുമീസ്, പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് ശ്രീജിത്ത്‌, ജൂലി ബെന്നി, അമ്പിളി തിലകൻ തുടങ്ങിയവർ പങ്കെടുത്തു