തലയോലപ്പറമ്പിലും വിജയപുരത്തും ലൈഫ് ഭവന സമുച്ചയങ്ങള്‍ക്ക് ശിലയിട്ടു
=====

ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വികസന പദ്ധതികള്‍ ആരോപണങ്ങള്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവര്‍ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ നടപ്പാക്കിയത്. പൊതുജനങ്ങളില്‍നിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി 226518 കുടുംബങ്ങള്‍ക്ക് ഇതിനോടകം സ്വന്തം വീട്ടിലേക്ക് താമസം മാറാന്‍ കഴിഞ്ഞു.

ഒന്നര ലക്ഷത്തോളം പേര്‍ക്കുള്ള ഭവനനിര്‍മാണം പുരോഗമിക്കുകയാണ്. വീടില്ലാത്തവര്‍ക്ക് വാസസ്ഥലത്തിനൊപ്പം മികച്ച ജീവിത സാഹചര്യവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുകയും നുണപ്രചരണം നടത്തുകയും ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍റെ നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നു. ഇന്ന് നിര്‍മാണോദ്ഘാടനം നടക്കുന്ന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 1285 കുടുംബങ്ങള്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുക. വിവിധ ജില്ലകളില്‍ 101 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 12 സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു. അശരണരായ ജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിടുന്ന സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തേണ്ടത്.

പദ്ധതിയുടെ മൂന്നു ഘട്ടങ്ങളിലും അപേക്ഷകരല്ലാതിരുന്നവരെ സംരക്ഷിക്കുന്നതിനായാണ് വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചത്. എട്ടു ലക്ഷത്തിലധികം പേര്‍ അപേക്ഷ നല്‍കി. പൂര്‍ണ്ണമായും സുതാര്യമായി ഗുണഭോക്തൃപട്ടിക തയ്യാറാക്കി ഇതില്‍ അര്‍ഹരായ എല്ലാവര്‍ക്കും വീടു വച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിസന്ധിക്കിടയിലും തടസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു-അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ ലൈഫ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന തലയോലപ്പറമ്പിലും വിജയപുരത്തും ഇതോടനുബന്ധിച്ച് ചടങ്ങു നടന്നു.
തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. സി.കെ ആശ എം.എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എം അഞ്ജന ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കി. ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പത്മ ചന്ദ്രന്‍, എം.വൈ.ജയകുമാരി, വൈക്കം നഗരസഭാ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍ സ്വാഗതവും സെക്രട്ടറി എസ്. സുനില്‍ നന്ദിയും പറഞ്ഞു.

വിജയപുരം മാര്‍ അപ്രേം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എം. അഞ്ജന ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി ശശീന്ദ്രനാഥ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലിസമ്മ ബേബി, പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.