കാക്കനാട്: വിവിധ മേഖലകളാണ് കോവിഡ് 19 തീർത്ത പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലായത്. ഈ പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച 100 ദിന പ്രത്യേക പരിപാടിയിൽ ഭാഗമാക്കുകയാണ് കുടുംബശ്രീയും. കോവിഡ് തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ ” ഇമ്മിണി ബല്യ ഒന്ന് ” എന്ന അതിജീവന പരിപാടിയുമായാണ് കുടുംബശ്രീ എത്തിയിരിക്കുന്നത്. 100 ദിവസം കൊണ്ട് ജില്ലയിലെ 1830 ADS കളിലും ഒരു സൂക്ഷ്മ സംരംഭം വീതം ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ ഉദ്ദേശം. ” ഇമ്മിണി ബല്യ ഒന്ന് ” ന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു.

സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ കുടുംബശ്രീ മുഖേന കുറഞ്ഞത് 5000 പേർക്കെങ്കിലും വിവിധ മാർഗങ്ങളിലൂടെ തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഇമ്മിണി ബല്യ ഒന്ന് എന്ന ക്യാമ്പയിനിലൂടെ കുടുംബശ്രീ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. രണ്ട് വിഭാഗങ്ങളിലായി തൊഴിലവസരങ്ങൾ തിരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സംരംഭങ്ങൾ ആരംഭിച്ച് സ്വയം തൊഴിൽ കണ്ടെത്തുക, ലഭ്യമായ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും തൊഴിൽ ലഭ്യമാക്കുക എന്നീ രണ്ട് പ്രവർത്തന രീതികളാണ് കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്നത്.

സ്വയം സൃഷ്ടിക്കാൻ മുൻകൈയെടുത്ത് കുടുംബശ്രീയുടെ സഹായത്തോടെ അത് സാക്ഷാത്കരിക്കുക എന്നതാണ് സംരംഭങ്ങൾ തുടങ്ങുക എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു എ ഡി എസിൽ കുറഞ്ഞത് ഒരു സൂക്ഷ്മ സംരംഭം എങ്കിലും തുടങ്ങുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് മുഖേന പ്രത്യേക താൽപര്യമെടുത്ത് സി ഇ എഫ്, ത്രിഫ്റ്റ് ലോൺ, ആർ എഫ്, വി ആർ എഫ്, ബാങ്ക് ലോൺ തുടങ്ങിയ വഴി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ അയൽക്കൂട്ട അംഗങ്ങൾക്ക് പ്രചോദനം നൽകണം. ജില്ലയിൽ 2500 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ശമ്പളം ലഭിക്കുന്ന തൊഴിൽ വിഭാഗത്തിൽ സിഡിഎസ് പ്രദേശങ്ങളിൽ ലഭ്യമായ കമ്പനി, മാളുകൾ, ആശുപത്രികൾ തുടങ്ങിയ തൊഴിൽ സാധ്യതയുള്ള മേഖലകളുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്.

* സിഡിഎസ് തല മത്സരം*

ഇമ്മിണി ബല്യ ഒന്ന് എന്ന ക്യാമ്പയിൻ കൂടുതൽ ഉണർവോടെ വിജയകരമായി നടപ്പിലാക്കുന്നതിന് സിഡിഎസ് തല മത്സരം സംഘടിപ്പിക്കും. നഗര ഗ്രാമ പ്രദേശങ്ങളിൽ സിഡിഎസിൽ പ്രത്യേകം ആയിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ എം ഇ കൾ സ്ഥാപിക്കുന്ന സിഡിഎസ് കൾക്ക് ഒന്നാം സമ്മാനമായി 3,000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും സമ്മാനമായി നൽകും.

ഫോട്ടോ

“ഇമ്മിണി ബല്യ ഒന്ന് ” ന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ്.സുഹാസ് നിർവ്വഹിക്കുന്നു