പാലക്കാട്ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർച്ച് 17 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിൽ നിയമ-സാംസ്‌കാരിക-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കേരള പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്തിന് സമീപം 25 സെന്റ്് സ്ഥലത്ത്് 17,860 സക്വയർഫിറ്റ് വിസ്തൃതിയിൽ നാല് നിലകളിലാണ് ജില്ലാ ഓഫീസ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഓരേ സമയം 300 പേർക്ക് മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനുളള ഓൺലൈൻ സെന്റർ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. രണ്ട് ഇന്റർവ്യൂ ഹാൾ ,വെരിഫിക്കേഷൻ ഹാൾ, 10 സെക്ഷനുകൾ , ഭിന്നശേഷി വിഭാഗക്കാർക്കായി റാംപ്, ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ നിയുക്ത ജില്ലാ പി.എസ്.സി ഓഫീസിലുണ്ടാകും. മൊത്തം നിർമാണ പ്രവർത്തനങ്ങൾക്കായി പൊതുഭരണ വകുപ്പ് ആറര കോടിയാണ് അനുവദിച്ചിരിക്കുന്നത്. മൂപ്പൻസ് ആസ്ടെക് എന്ന കമ്പനിക്കാണ് നിർമാണ ചുമതല. 2019 മാർച്ചിൽ പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള പി.എസ്.സി അംഗം പി.ശിവദാസൻ പി.എസ്.സി ജില്ലാ ഓഫീസ് സമ്മേളന ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സിവിൽ സ്റ്റേഷനിലാണ് ജില്ലാ പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്നത്. നിലവിൽ കോട്ടയം ജില്ലയ്ക്ക് മാത്രമാണ് സ്വന്തമായി പി.എസ്.സിക്ക് ജില്ലാ ഓഫീസുളളത്. എം.ബി.രാജേഷ് എം.പി, പി.എസ്.സി അംഗം പി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാകലക്റ്റർ ഡോ.പി.സുരേഷ് ബാബു , ജില്ലാ പി.എസ്.സി ഓഫീസർ കെ.എം ഷെയ്ക്ക് ഹുസൈൻ തുടങ്ങിയവർ ശിലാസ്ഥാപന പരിപാടിയിൽ പങ്കെടുക്കും.