തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് വാർഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതൽ ഒക്‌ടോബർ ആറ് വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28 മുതൽ ഒക്‌ടോബർ ഒന്ന്‌വരെ നടക്കും.  ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്‌ടോബർ 5-നാണ്. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾക്ക് ഒക്‌ടോബർ 6നും, കൊച്ചി തൃശ്ശൂർ കോർപ്പറേഷനുകൾക്ക് സെപ്റ്റംബർ 30നും, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകൾക്ക് സെപ്റ്റംബർ 28നുമാണ് നറുക്കെടുപ്പ്.

ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.  മുനിസിപ്പാലിറ്റികളിലേത്  നഗരകാര്യ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിലേത്  നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ അഞ്ച് വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിക്കേണ്ടത്.  സ്ത്രീകൾക്കുളള സംവരണം അമ്പത് ശതമാനമാണ്.  പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം.
പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ എണ്ണം  പഞ്ചായത്ത് ഡയറക്ടറും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടേത്   സർക്കാരുമാണ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.
സ്ത്രീകൾക്കുളള സംവരണവാർഡുകളാണ് ആദ്യം നിശ്ചയിക്കുന്നത്.2015-ൽ സ്ത്രീകൾക്ക് സംവരണം ചെയ്യാത്ത എല്ലാ വാർഡുകളും ഇപ്പോൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.  ആകെ വാർഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു സ്ത്രീ സംവരണ വാർഡിന് നറുക്കെടുപ്പ് വേണ്ടി വരും.  നിലവിലെ സ്ത്രീ സംവരണ വാർഡുകളിൽ 2010-ലും സ്ത്രീ സംവരണമുണ്ടായിരുന്ന  വാർഡുകളെ ഒഴിവാക്കിയാണ് ഇതിനായി നറുക്കെടുക്കുന്നത്.
സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന വാർഡുകളിൽ നിന്നാണ് പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ സ്ത്രീ എന്നിവർക്കുളള വാർഡുകൾ നിശ്ചയിക്കുന്നത്.  2010-ലോ 2015-ലോ പട്ടികജാതി  വിഭാഗത്തിന് സംവരണം ചെയ്ത വാർഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കേണ്ടത്.  പട്ടികവർഗ്ഗ സ്ത്രീ വാർഡുകൾ നിശ്ചയിക്കുന്നതിനും 2010-ലോ 2015-ലോ പട്ടികവർഗ്ഗത്തിന് സംവരണം ചെയ്ത വാർഡുകളെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കണം.
സ്ത്രീ സംവരണം നിശ്ചയിച്ചതിന് ശേഷമുള്ള വാർഡുകളിൽ നിന്ന് വേണം പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകൾ നറുക്കെടുക്കേണ്ടത്.  2010-ലോ 2015-ലോ പട്ടികജാതിക്കോ പട്ടികവർഗ്ഗത്തിനോ സംവരണം ചെയ്ത വാർഡുകളുണ്ടെങ്കിൽ അവ അതാത് വിഭാഗത്തിന്റെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.