ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ് നിർവഹിച്ചു.

ശീതികരിച്ച കോൺഫറൻസ് ഹാൾ, നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ഡിജിറ്റൽ ലൈബ്രറി, വീഡിയോ കോൺഫറൻസ് സംവിധാനം, പരിശീലനം നേടിയ വനിത മേസ്തിരിമാർക്ക് ടൂൾ കിറ്റ് വിതരണം, റേഷൻ കാർഡുകൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പുറംചട്ട വിതരണം തുടങ്ങിയ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്.

ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി റേഷൻ കാർഡുകൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പുറംചട്ടകളുടെ പ്രകാശനം ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ നിർവ്വഹിച്ചു. ലഹരി വിമുക്ത കേരളം പദ്ധതി വഴി വിമുക്തിക്കായി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

6,40,000 രൂപ ചിലവിൽ 2020- 21 സാമ്പത്തിക വർഷത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ ശീതികരിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്.

പി. എം. എ. വൈ പദ്ധതിയിലൂടെ ആർ.എസ്.ഇ.ടി.ഐ സംഘടിപ്പിച്ച മേസ്തിരി പരിശീലനം ലഭിച്ച വനിതകൾക്കാണ് തൊഴിലിന് ആവശ്യമായ ടൂൾ കിറ്റുകൾ വിതരണം ചെയ്തത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി. ജി മുരളീധരൻ, മേഘാ വേണു, ശ്യാമള സിദ്ധാർത്ഥൻ, ഉഷ രാജഗോപാൽ, പി.കെ കൊച്ചപ്പൻ, ഷീല രഘുവരൻ, രതി നാരായണൻ, ആർ.എസ്.ഇ.റ്റി.ഐ ഡയറക്ടർ എബ്രഹാം ഏലിയാസ്, വനിതാ ക്ഷേമ വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ പൊൻസിനി, ബി.ഡി.ഒ എ. ബിജുകുമാർ, ഹെഡ് അക്കൗണ്ടന്റ് ഉഷാകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.