വിവിധ തീരദേശ റോഡുകളുടെ
ഉദ്ഘാടനവും നിർമാണ ഉദ്ഘാടനവും നടന്നു

ആലപ്പുഴ: തീരദേശ വികസന പദ്ധതികള്‍ക്ക് മുൻതൂക്കം നൽകുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് ഫിഷറീസ് ഹാർബർ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ ഉദ്ഘാടനവും നിർമാണ
ഉദ്ഘാടനവും വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിസന്ധിക്കിടയിലും  വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താതെ അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. തീരദേശ വികസനത്തിനായി 700 കോടിയിൽ പരം രൂപ മാറ്റിവെച്ചു. തീരപ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനും മികച്ച ജീവിതത്തിനും നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

2018, 2018 വർഷങ്ങളിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം കാരണം തകര്‍ന്ന ‍ഗ്രാമീണ റോഡുകളെ ഉയർന്ന നിലവാരത്തിൽ പുനർ നിർമിക്കുന്നതിനുള്ള സർക്കാര്‍ തീരുമാനം പ്രകാരം തീരദേശ റോഡുകളുടെ പുനരുദ്ധാരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2019, 20 സാമ്പത്തിക വർഷം 126 റോഡുകള്‍ക്കും 2021 സാമ്പത്തിക വർഷം 81 റോഡുകൾക്കും യഥാക്രമം 57.36 കോടി രൂപയും 30.96കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായുള്ള ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവും നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനവുമാണ് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.

എ എം ആരിഫ് എം പി മുഖ്യാതിഥിയായിരുന്നു.
അരൂർ, , മാവേലിക്കര നിയോജക മണ്ഡലങ്ങളിൽ നടന്ന ചടങ്ങുകളിൽ അതാത് എം എൽ എ മാര്‍ അധ്യക്ഷത വഹിച്ചു. കുട്ടനാട് നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അശോകൻ അധ്യക്ഷത വഹിച്ചു . ജില്ലയിൽ 30.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 60 തീരദേശ റോ‍ഡുകളുടെ നിർമ്മാണ ഉദ്ഘാടനവും 10.40 കോടി രൂപ ചെലവിൽ പണി പൂര്‍ത്തീകരിച്ച 19 റോഡുകളുടെ ഉദ്ഘാടനവുമാണ് നടത്തിയത്. പ്രവര്‍ത്തികളുടെ നിര്‍മാണ ചുമതല ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിനാണ്.

Aroor

അരൂർ മണ്ഡലത്തിൽ 87.10 ലക്ഷം ചിലവിൽ നിർമാണം പൂർത്തീകരിച്ച രണ്ട് തീരദേശ റോഡുകളുടെ ഉദ്ഘാടനവും 126.89 ലക്ഷം ചിലവിൽ നിർമ്മാണം ആരംഭിക്കുന്ന നാല് തീരദേശ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ ഗുരു മന്ദിരം ജംഗ്ഷൻ- പോസ്റ്റ് ഓഫീസ് റോഡ്, അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ പാദുവാപുരം – ചെല്ലിക്കാട് റോഡ് എന്നിവയാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ തട്ടേടത്ത് ചാലിൽ – കായൽതീരം റോഡ്, വാർഡ് 16 ലെ അയ്യൻകോവിൽ – കരിനാട്ട് കോളനി റോഡ്, അരൂക്കുറ്റി പഞ്ചായത്തിലെ മാത്താനം ക്ഷേത്രം – ഹിദായത്ത് പള്ളി റോഡ്, കോടംതുരുത്ത് പഞ്ചായത്തിലെ ഫാത്തിമ ചർച്ച് റോഡ് എന്നീ റോഡുകളുടെ നിർമാണോദ്ഘാടനവുമാണ് നടന്നത്.

എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആർ ഹരിക്കുട്ടൻ, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ബി.റ്റി.വി കൃഷ്ണൻ, അർത്തുങ്കൽ ഹാർബർ എൻജിനീയറിങ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ എം.പി തുടങ്ങിയവർ നേരിട്ടും ഓൺലൈനായും ചടങ്ങിൽ പങ്കെടുത്തു.

Kuttanad

കുട്ടനാട് നിയോജക മണ്ഡലത്തിലെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതും നിർമാണ പ്രവർത്തികൾ ആരംഭിച്ചതുമായ കുട്ടനാട്ടിലെ നാല് റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.

എടത്വ പഞ്ചായത്തിലെ എടത്വ ഫിഷ് ഫാം റോഡിൻറെ നിർമ്മാണം 36.50 ലക്ഷം രൂപ മുടക്കുമുതലിലാണ് പൂർത്തീകരിച്ചത്. 61 ലക്ഷം രൂപ മുടക്കിൽ നിർമിക്കുന്ന തകഴി പഞ്ചായത്തിലെ മാടയ്ക്കൽ കലുങ്ക് മുതൽ മട്ടന്മേൽ കലുങ്ക് വരെയുള്ള റോഡ്, രാമങ്കരി പഞ്ചായത്തിൽ 26 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന മണലാടി ചെറുവള്ളികാവ് ദേവിക്ഷേത്രം മുതൽ സ്രാമ്പിക്കൽ പുരയിടം വരെയുള്ള റോഡ്, എടത്വ പഞ്ചായത്തിൽ 38 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന മാമ്പറപ്പടി മുതൽ നീലികാട്ട് പടിഞ്ഞാറ് വരെയുള്ള റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അശോകൻ അധ്യക്ഷത വഹിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈല രാജു ,വൈസ് പ്രസിഡന്റ്‌ ബേബി ചെറിയാൻ, ബിഡിഓ ജെ ആർ ലാൽ കുമാർ , എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പൻ ,തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജനൂബ് എന്നിവർ സന്നിഹിതരായി.

Mavelikkara

മാവേലിക്കരയിൽ നടന്ന ചടങ്ങില്‍ ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷനായി.
77.91 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച കല്ലില്‍ കുന്നില്‍ മുക്ക്-കുമ്പിളുമലപള്ളി റോഡ്, 104 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച ചുനക്കര പഞ്ചായത്തിലെ പുലിമേല്‍- ചുനക്കര ബണ്ട് റോഡ് എന്നിവയുടെ ഉദ്ഘാടനവും തഴക്കര പഞ്ചായത്തില്‍ 111 ലക്ഷം ചെലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന വെട്ടിയാര്‍ പാലം-ആറ്റുതീരം റോഡ്, 66 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന അച്ചന്‍കോവിലാര്‍ അക്വഡക്ട് -മാങ്കാംകുഴി കോട്ടമുക്ക് ജങ്ഷന്‍ റോഡ്, നൂറനാട് പഞ്ചായത്തില്‍ 109 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പടനിലം ഫിഷ്മാര്‍ക്കറ്റ്-പറയംകുളം ജങ്ഷന്‍ റോഡ്, തെക്കേക്കര പഞ്ചായത്തില്‍ 63 ലക്ഷം ചെലവിട്ട് നിര്‍മ്മിക്കുന്ന മാലിമേല്‍ എല്‍പിഎസ് തെക്കേ ജങ്ഷന്‍-കുന്നേത്ത് ജങ്ഷന്‍ റോഡ് എന്നീ റോഡുകളുടെ നിർമാണോദ്ഘാടനവുമാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചത്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി അശോകന്‍ നായര്‍, ഷൈലാ ലക്ഷ്മണന്‍, വൈസ് പ്രസിഡന്റുമാരായ എസ് അനിരുദ്ധന്‍, ടി വിശ്വനാഥന്‍, വി പി മധുകുമാരി, ജില്ലാ പഞ്ചായത്തംഗം വിശ്വന്‍ പടനിലം, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.