എറണാകുളം: ഭക്ഷ്യ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാര്‍ഷിക -മൃഗസംരക്ഷണ മേഖലയില്‍ മികച്ച പുരോഗതി. പദ്ധതിക്ക് കീഴില്‍ ഉത്പാദന മേഖലയില്‍ 2.32 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. മത്സ്യമേഖലയിലും കാര്‍ഷികമേഖലയിലും സംയോജിത പദ്ധതികള്‍ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ കീഴില്‍ ജലസ്രോതസ്സുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗം പദ്ധതി മികച്ചരീതിയില്‍ മുന്നേറുന്നതായി വിലയിരുത്തി. അടുത്ത മാസങ്ങളില്‍ പദ്ധതിക്ക് കീഴിലെ ആദ്യഘട്ട വിളവെടുപ്പ് നടക്കും. വിളവെടുപ്പ് സമയത്ത് മികച്ച ആസൂത്രണത്തോടെയുള്ള വിപണി ഇടപെടൽ സാധ്യമാക്കും. പദ്ധതിയില്‍ ഉൾപ്പെടുത്തി 896.26 ഹെക്ടർ തരിശ് നെല്‍കൃഷിയും 2463.63 ഹെക്ടറില്‍ സ്ഥിരം നെല്‍കൃഷിയും 49.78 ഹെക്ടറില്‍ കരനെല്‍കൃഷിയും 490.95 ഹെക്ടറില്‍ തരിശ് പച്ചക്കറികൃഷിയും 431.02 ഹെക്ടറില്‍ സ്ഥിരം പച്ചക്കറികൃഷിയും നടത്തുന്നുണ്ട്.
മൃഗസംരക്ഷണ മേഖലയില്‍ 279 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരമേഖലയില്‍ പാല്‍ ഇന്‍സന്‍റീവ് വിതരണം രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കളെ ഓണ്‍ലൈനിലൂടെ വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാര്‍ഷികമേഖലയില്‍ നിലമൊരുക്കല്‍, ജലസേചന പദ്ധതികള്‍, തൊഴുത്തു നിര്‍മ്മാണം, മത്സ്യക്കുളം നിര്‍മ്മാണം എന്നിവയും പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ 67 ഹെക്ടര്‍ തരിശ്ശ്ഭൂമി കൃഷി യോഗ്യമാക്കിയിട്ടുണ്ട്.