സർക്കാരിന്റെ രണ്ടാം വാർഷികം

എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികം മെയ് ഒന്നു മുതൽ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാർഷികത്തോടനുബന്ധിച്ച് നടത്തും. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാർക്ക് ജില്ലകളിൽ ആഘോഷത്തിന്റെ ചുമതല നൽകാനും തീരുമാനിച്ചു.

ഭക്ഷ്യഭദ്രത നിയമാവലി അംഗീകരിച്ചു

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയിൽ ഉൾപ്പെടാത്തവരുടെ പരാതികൾ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ രൂപീകരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും.

പുതിയ ഫയർ സ്റ്റേഷൻ

നാട്ടികയിൽ ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷൻ ആരംഭിക്കും. ഇതിനായി 7 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ധനകാര്യ കമ്മീഷൻ സെൽ

15-ാം ധനകാര്യ കമ്മീഷൻ സെൽ രൂപീകരിക്കുന്നതിന് 14 തസ്തികകൾ സൃഷ്ടിക്കും.

അബ്കാരി നയം: വിദേശമദ്യ വിൽപ്പനകേന്ദ്രങ്ങൾ വർദ്ധിപ്പിക്കില്ല

2017-18 വർഷത്തിലെ അബ്കാരി നയം ചില ഭേദഗതികളോടെ 2018-19 വർഷത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിർത്തുന്നതാണ്. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർഫെഡിന്റെയോ വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ല. വിദേശനിർമ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വിൽപ്പനകേന്ദ്രങ്ങൾ വഴിയും കൺസ്യൂമർഫെഡിന്റെ വിൽപ്പനകേന്ദ്രങ്ങൾ വഴിയും വിതരണം ചെയ്യും.