കാലഘട്ടത്തിനനുസൃതമായി മാറുന്ന സത്രീ മനോഭാവത്തെ ഉൾക്കൊള്ളാൻ പുരുഷ സമൂഹത്തിന് കഴിയണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. യുവജനങ്ങൾക്കിടയിലെ പുരുഷന്മാർ ഇപ്പോഴും സ്ത്രീയെ പഴയ സാമ്പ്രദായിക രീതിയിലാണ് നോക്കി കാണുന്നത്. യുവ ദമ്പതികൾക്കിടയിലെ പൊരുത്തക്കേടുകൾക്കുളള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വനിത കമീഷൻ അധ്യക്ഷ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ രണ്ട് യുവ ഡോക്ടർമാർക്കിടയിലെ പ്രശ്ന പരിഹാരത്തിനിടയിലാണ് ഈ വസ്തുത ശ്രദ്ധയിൽ പെട്ടതെന്ന് അവർ അറിയിച്ചു. 498 എ വകുപ്പ് പ്രകാരമുളള പരാതികളിൽ് ജില്ലാതല കുടുംബക്ഷേമ സമിതിയുടെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കണമെന്ന ഉത്തരവ് സ്ത്രീകൾക്ക് തിരിച്ചടിയാകുന്നതായി അധ്യക്ഷ ചൂണ്ടിക്കാട്ടി. ഗാർഹിക പീഢന നിരോധന നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണവും കൂടി അതുവഴി ഇല്ലാതാകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. സമിതി അന്വേഷണം നടത്തുന്ന സമയത്തിനിടയിൽ പ്രശ്നക്കാരായ പുരുഷന്മാർ രക്ഷപ്പെടാനുളള പഴുത് ഉണ്ടാക്കുന്നുണ്ടെന്നും അത് വഴി സ്ത്രീക്ക് കിട്ടേണ്ട നീതി അകന്നു പോകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കമിഷന് പരാതി നൽകിയിട്ട് പരാതിക്കാർ തന്നെ അദാലത്തിൽ നിന്ന് മാറി നിൽക്കുന്ന നിസംഗസമീപനത്തിൽ മാറ്റമുണ്ടാകണം. എതിർ കക്ഷികൾ എത്തിയിട്ട് പോലും പരാതിക്കാർ വരാതിരിക്കുന്നത് ശരിയായ രീതിയല്ല. ഒന്നിലേറെ തവണ വിവാഹിതനാകുന്ന പുരുഷന്മാരുടെ വലയിൽ സ്ത്രീകൾ അകപ്പെടുന്ന അവസ്ഥകൾ കൂടി വരുന്നുണ്ട്. സാമ്പത്തിക പരാധീനതയെ തുടർന്നും അത്തരം ബന്ധങ്ങളിൽ അകപ്പെടുന്നുവരുണ്ട്. ജില്ലയിൽ അത്തരത്തിൽ മൂന്നോളം കേസുകൾ കൈകാര്യം ചെയ്തു. വിവാഹകാര്യങ്ങളിൽ പെൺകുട്ടികളും കുടുംബവും ജാഗ്രതയോടെ തീരുമാനമെടുക്കണമെന്നും എം.സി ജോസഫൈൻ അറിയിച്ചു. പത്തിരിപ്പാലയിൽ അലനേയും അമ്മയേയും കമീഷൻ സന്ദർശിച്ചു അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. ജില്ലാകലക്റ്ററേറ്റ് സമ്മേളന ഹാളിൽ നടന്ന അദാലത്തിൽ 71 ഓളം പരാതികൾ പരിഗണിച്ചു. 28 പരാതികൾ പൂർത്തിയാക്കി. 15 എണ്ണം പൊലീസ് റിപ്പോർട്ടിനും അഞ്ചെണ്ണം സൗജന്യ നിയമ സഹായ അതോറിറ്റിക്കും കൈമാറി. 23 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തിൽ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയും അധ്യക്ഷയോടൊപ്പം പങ്കെടുത്തു. അഡ്വ.ഷീജ, അഡ്വ.ശോഭന, അഡ്വ. രമിക, അഡ്വ. അഞ്ജന, വനിതാ സെൽ സബ് ഇൻസ്‌പെക്ടർ അനിലാ കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ യാസ്മിൻ ബാനു തുടങ്ങിയവരും സംബന്ധിച്ചു.