സംസ്ഥാന സർക്കാരിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പണം അടയ്ക്കുന്നതിനുളള ഓൺലൈൻ സംവിധാനമായ ഇ-ട്രഷറിയിൽ ഇനിമുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുളളവർക്കും പണമടയ്ക്കാം. ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിർവഹിച്ചു. ട്രഷറി ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. എന്നാൽ നിലവിൽ ഇന്റർനെറ്റ് ബാങ്ക് സൗകര്യമുളളവർക്കു മാത്രമേ ഇ-ട്രഷറി വഴി ഓൺലൈനായി പണം അടയ്ക്കാൻ സാധിച്ചിരുന്നുളളു. ഇനി മുതൽ ഏതു ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുളളവർക്കും ഇതുവഴി പണം അടയ്ക്കാം.സർക്കാരിലേക്ക് പണം അടയ്ക്കുന്നതിനുളള ഓൺലൈൻ പോർട്ടലായ ഇ-ട്രഷറി (www.tereasury.kerala.gov.in) വഴി കാർഡ് പെയ്മന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഇടപാടുകാർക്ക് പണമടച്ച് അപ്പോൾ തന്നെ ചെല്ലാന കൈപ്പറ്റാം. ഇതോടുകൂടി ഇന്റർനെറ്റ് ബാങ്കിംഗ്, ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുളള ബാങ്കുകളുടെ ബ്രാഞ്ചുകൾ, സംസ്ഥാനത്തെ ട്രഷറി കൗണ്ടറുകൾ. അക്ഷയകേന്ദ്രങ്ങൾ എന്നിവ കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയും സർക്കാരിലേക്ക് പണമടയ്ക്കാൻ കഴിയും. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്.