ആറ്റിപ്ര ഐ.റ്റി.ഐയിൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തി പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ധനമന്ത്രി ടി.എം തോമസ് ഐസക്ക് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 2.5 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്.

കേരളത്തിലെ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹ്യക്ഷേമനില മറ്റു സംസ്ഥാനങ്ങളിലെ പൊതുജീവിതത്തെക്കാൾ മികച്ചതാണെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി. നാലു വർഷത്തിനിടെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ വലിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കായി സംസ്ഥാനത്ത് 16,500 പഠനമുറികൾ നിർമിച്ചു. 8,500 പഠനമുറികളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. സമഗ്ര കാർഷിക വികസന പദ്ധതികളിലൂടെ ആദിവാസി മേഖലകളിൽ പട്ടിണി മരണം ഇല്ലാതാക്കി. ഗോത്രബന്ധു, ഗോത്ര വാത്സല്യനിധി ഉൾപ്പെടയുള്ള നൂതന പദ്ധതികൾ ലോകശ്രദ്ധ പിടിച്ചുപറ്റി. 4000 പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകി. ഇതിൽ 360 പേർ വിദേശത്ത് മികച്ച ഉദ്യോഗത്തിലാണ്. ലോകത്തിനുമുന്നിൽ അഭിമാനിക്കാവുന്ന വികസന പദ്ധതികളാണു സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും പുതിയ പദ്ധതികൾക്കൊപ്പം പഴയ പദ്ധതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായും മന്ത്രി പറഞ്ഞു.

സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പട്ടികജാതി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ പി. ശ്രീവിദ്യ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുഗഴേന്തി എന്നിവർ പങ്കെടുത്തു.