കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷികമേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായി അഗ്രോപാര്‍ക്ക് ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപേഡ) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ കയറ്റുമതി സാധ്യതകളെക്കുറിച്ചുള്ള ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൃശൂരിലാണ് പാര്‍ക്ക് ആരംഭിക്കുന്നത്. വാഴപ്പഴവും തേനുമാണ് പ്രധാനമായും പാര്‍ക്കില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ സംസ്‌കരണവും കയറ്റുമതിയും ഇവിടെ തന്നെ നടത്തും. അതില്‍നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോടും ഇത്തരത്തില്‍ നാളികേരത്തിന്റെ പാര്‍ക്കും ആലോചനയിലുണ്ട്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രത്യേക കാര്‍ഷിക മേഖലയെ കണ്ടെത്തുന്നതിനും പാരമ്പര്യ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരില്‍ വാഴ, വാഴക്കുളത്ത് പൈനാപ്പിള്‍, ദേവികുളത്ത് പച്ചക്കറി എന്നീ കൃഷികള്‍ അതത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ പഠിച്ച് ആരംഭിക്കും. കുട്ടനാട്ടിലും പാലക്കാട്ടും നെല്ല് കൃഷി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. വയനാടിന്റെ കാലാവസ്ഥ പരിഗണിച്ച് അഞ്ചുതരം ഉല്‍പന്നങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതിലൂടെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുവാനും കയറ്റുമതി സാധ്യതകള്‍ കണ്ടെത്താനുമുള്ള ശ്രമമാണ് നടത്തുന്നത്. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ചക്കയെ കേരളത്തിന്റെ ദേശീയ ഫലമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ടീക്കാറാം മീണ, അപെഡ ചെയര്‍മാന്‍ ഡി കെ സിങ്ങ്, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും കയറ്റുമതി സംരഭത്തില്‍ ഏര്‍പ്പെടുന്നവരും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരും സെമിനാറില്‍ പങ്കെടുത്തു.