പ്രോട്ടോക്കോൾ ലംഘിച്ചാൽ നടപടിയെന്ന് ജില്ലാ കളക്ടർ

എറണാകുളം :കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രാദേശിക അടിസ്ഥാനത്തിൽ നിയമിച്ച സെക്ടർ മജിസ്ട്രേറ്റുമാർ തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കും.
ക്രിമിനൽ നടപടി നിയമം വകുപ്പ് 21 പ്രകാരം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെ ആണ് ഗസറ്റഡ് ഉദ്യോഗസ്ഥരെ സെക്ടർ മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്. കോവിഡ് ചട്ടലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇവർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവയനുസരിച്ച് നടപടി സ്വീകരിക്കാൻ ഇവർക്ക് അധികാരം ഉണ്ടാവും.
പഞ്ചായത്ത്, വില്ലേജ് അടിസ്ഥാനത്തിലും കോർപ്പറേഷനിൽ ഡിവിഷൻ അടിസ്ഥാനത്തിലുമാണ്
സെക്ടർ മജിസ്ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്.
കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് ഇവരുടെ ചുമതല.
പൊതു സ്ഥലങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല. ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ കർശനമായി പ്രാബല്യത്തിൽ വരുത്താനും പ്രോട്ടോക്കോൾ
ലംഘകർക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനും
ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിദിനം നാൽപതോളം കേന്ദ്രങ്ങളിൽ ഓരോ സെക്ടർ മജിസ്ട്രേറ്റുമാരും പരിശോധന നടത്തും.
പോലീസും സഹായത്തിന് ഉണ്ടാകും. വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവരവരുടെ ചുമതലയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് നിർദ്ദേശം.
സെക്ടർ ഓഫീസർമാരായി നിയമിക്കപ്പെട്ട ഗസറ്റഡ് ഓഫീസർമാർക്ക് അവരുടെ മാതൃ വകുപ്പിലെ വിഭവശേഷിയും പ്രയോജനപ്പെടുത്താം.

സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം തഹസിൽദാരും ഡെപ്യൂട്ടി കളക്ടർമാരും ഓരോ ദിവസവും വിലയിരുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.