പൊതു വിദ്യാഭ്യാസ മേഖലയുടെ ഹൈടെക്ക്‌വല്‍ക്കരണത്തില്‍ കേരളം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയുടെ ഹൈടെക്ക്‌വല്‍ക്കരണ പ്രഖ്യാപനത്തിന്റെ മണ്ഡലതല ഉദ്ഘാടനം
വീഡിയോ കോണ്‍ഫറന്‍സ്മുഖേന അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. മണ്ഡലത്തില്‍ 23 സ്‌കൂളുകള്‍ക്കാണു പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. എം.എല്‍.എ ഫണ്ട്, കിഫ്ബി ഫണ്ട്, ബജറ്റ് ഫണ്ട് എന്നിവ കൊണ്ടാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ ആദ്യമായി തിരഞ്ഞെടുത്ത ഒന്‍പത് സ്‌കൂളുകള്‍ക്കും ഹൈടെക്ക് ആക്കി മാറ്റുന്നതിന് എം.എല്‍.എ ഫണ്ടും വിനിയോഗിക്കാന്‍ കഴിഞ്ഞെന്നും എംഎല്‍എ പറഞ്ഞു.
പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, പളളിക്കല്‍ പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, അടൂര്‍ എ.ഇ.ഒ വിജയലക്ഷ്മി, പന്തളം എ.ഇ.ഒ: എ.ആര്‍ സുധര്‍മ്മ, പത്തനംതിട്ട എസ്.എസ്.എ ഡി.പി.ഒ ജോസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.