സംസ്ഥാനത്തിന്റെ സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇനി സ്ത്രീകളുടെ പങ്കാളിത്തം കൂടതല്‍ സജീവമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനം നല്‍കുന്ന പ്രവര്‍ത്തനം. ഇതിന് മുന്നോടിയായി നടത്തിയ വനിതാ നേതൃസംഗമം കൊല്ലം ഭാരരാജ്ഞി പാരിഷ് ഹാളില്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴസണ്‍ എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപികരിച്ച സാഹചര്യത്തില്‍ പരമാവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കുടുംബശ്രീ കൂട്ടായ്മ ശ്രമിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ സജീവമായാല്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം നേടാനാകും. പുതിയ ഉദ്പാദന സംരംഭങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം. ഒരു സ്ത്രീയും ആക്രമിക്കപ്പെടാത്ത വിധം സമൂഹത്തെ മാറ്റിയെടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രയത്‌നിക്കണം- എം.സി. ജോസഫൈന്‍ നിര്‍ദേശിച്ചു.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അധ്യക്ഷയായി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഗീതാകുമാരി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, ജില്ലാ പഞ്ചായത്തംഗം കെ. ജഗദമ്മ, പ്രഫ. കെ. രമാ രാജന്‍, സി. സിസിലി, കുടുംബശ്രീ ജില്ലാ മിഷന്‍  കോര്‍ഡിനേറ്റര്‍ സബൂറാബീവി, പ്രോഗ്രാം മാനേജര്‍ ആര്‍. ബീന തുടങ്ങിയവര്‍  സംസാരിച്ചു.
തുടര്‍ന്ന് സ്ത്രീ സമത്വം കേരളത്തില്‍ – ചരിത്രപരമായ പരിണാമം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി. എസ്. ശ്രീകല വിഷയാവതരണം നടത്തി. സ്ത്രീ ശിശു  സംരക്ഷണ നിയമങ്ങള്‍-പ്രയോഗവും സാധ്യതയും എന്ന സെമിനാറില്‍ സബ്കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ എസ്. ഗീതാകുമാരി, സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍ കോമളകുമാരി എന്നിവര്‍ പങ്കെടുത്തു.