ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തിരുവനന്തപുരം

തിരുവനന്തപുരം: അതിജീവനത്തിനായി ചെറുവനങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതി പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് തിളക്കം. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പച്ചത്തുരുത്തുകള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി തിരുവനന്തപുരം മാറി. സംസ്ഥാനത്താകമാനം നിര്‍മിച്ച 1,261 പച്ചത്തുരുത്തുകളില്‍ 256 എണ്ണവും തിരുവനന്തപുരത്തുതന്നെ. ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇന്ന് പച്ചത്തുരുത്തുണ്ട്. വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ പരിധിയിലുമായി ഉപയോഗശൂന്യമായിക്കിടന്ന അര സെന്റു മുതല്‍ എട്ട് ഏക്കര്‍ വരെയുള്ള സ്ഥലങ്ങളില്‍ ഇന്ന് ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധസസ്യങ്ങളും ചേര്‍ന്ന് ഹരിതാഭയൊരുക്കുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 9.4 ഏക്കറിലാണ് പച്ചത്തുരുത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുപിടിപ്പിച്ചത്. പാറശ്ശാലയില്‍ 5.05 ഏക്കറിലും കിളിമാനൂരില്‍ 4.35 ഏക്കറിലും നെയ്യാറ്റിന്‍കര നഗരസഭയില്‍ 2.3 ഏക്കറിലും പച്ചത്തുരുത്ത് നിര്‍മിച്ചു. ഇങ്ങനെ ജില്ലയിലാകെ 36.7 ഏക്കറില്‍ പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഇരുപതിനായിരത്തോളം ചെടികളാണ് നട്ടുപിടിപ്പിച്ചത്. ഒരു പദ്ധതിയുടെ ഭാഗമായി ഇത്രയേറെ തരിശുനിലങ്ങള്‍ പച്ചപ്പണിയുന്നത് ഇതാദ്യം.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവുംമധികം പച്ചത്തുരുത്തുകള്‍ നിര്‍മിച്ചത്. 76 പച്ചത്തുരുത്തുകള്‍ ഇവിടുണ്ട്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് 24, പാറശ്ശാല 21, വാമനപുരം 15, വെള്ളനാട് 13, വര്‍ക്കല 12, നേമം 10, പെരുങ്കടവിള 9, നെടുമങ്ങാട് 7, അതിയന്നൂര്‍ 6, പോത്തന്‍കോട് 6, വര്‍ക്കല നഗരസഭ 22, നെയ്യാറ്റിന്‍കര നഗരസഭ 17, ആറ്റിങ്ങല്‍ നഗരസഭ 10, തിരുവനന്തപുരം കോര്‍പ്പറേഷന്‍ 6, നെടുമങ്ങാട് നഗരസഭ 2 എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളുടെ എണ്ണം. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് സ്വന്തമാക്കിയത്.

ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും പച്ചത്തുരുത്ത് ഒരുക്കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പച്ചത്തുരുത്തുകളുടെ പരിപാലന ചുമതല. ഇരിപ്പിടങ്ങള്‍, കുളങ്ങള്‍, ഊഞ്ഞാലുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടത്തെ എല്ലാ പച്ചതുരുത്തുകളിലും ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്ത് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം പരിസരത്താണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഏക്കറിലാണ് ഇവിടെ പച്ചത്തുരുത്തൊരുക്കിയത്. പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആദ്യ തരിശു രഹിത പഞ്ചായത്തായും പ്രഖ്യാപിച്ചിട്ടുണ്ട്. പാങ്ങോട് പോലീസ് സ്റ്റേഷനാണ് പച്ചത്തുരുത്ത് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ പോലീസ് സ്റ്റേഷൻ.