കാര്‍ഷിക മേഖലയില്‍ ജില്ലയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നവര്‍ക്ക് കാര്‍ഷിക  വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ അംഗീകാരം. വകുപ്പ് ലഭ്യമാക്കിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൃഷിവ്യാപനം നടത്തിയതിലെ മികവിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചെറുമൂട് മാവിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
മികച്ച പഞ്ചായത്ത്, പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, വിദ്യാര്‍ഥി, അധ്യാപകന്‍, എന്നിങ്ങനെ 12 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ജൈവകാര്‍ഷിക പദ്ധതി മികവിനുള്ള മൂന്നു ലക്ഷം രൂപ പെരിനാട് ഗ്രാമപഞ്ചായത്താണ് നേടിയത്. കുലശേഖരപുരം, ചവറ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അവാര്‍ഡ്ദാന സമ്മേളനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ജഗദമ്മ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അനില്‍, മറ്റു ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം. ഗീത, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പെരിനാട് പഞ്ചായത്തിന് നല്‍കിയ ട്രാക്ടര്‍ ചടങ്ങിനോടനുബന്ധിച്ച് കൈമാറി.