എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി  കൊച്ചി മാറും: മുഖ്യമന്ത്രി

ഇന്ത്യയിൽത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി മെട്രോ നിർമ്മാണത്തോടൊപ്പം സംസ്ഥാന സർക്കാർ ഏറ്റെടുത്ത പ്രാഥമിക പ്രവർത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ചമ്പക്കര പാലത്തിന്റെ ആദ്യഘട്ട നിർമാണം കഴിഞ്ഞവർഷം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ടുവരി പാതയാണ് പൂർത്തിയായത്. ഇപ്പോൾ അവസാനഘട്ട നിർമാണവും പൂർത്തിയായതോടെ പാലം പൂർണ അർഥത്തിൽ ഗതാഗതയോഗ്യമായി. 245 മീറ്റർ നീളമാണ് പാലത്തിനുള്ളത്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്ത രീതിയിൽ ജലയാത്ര സജ്ജമാകുംവിധമാണ് പാലം നിർമിച്ചിരിക്കുന്നത്. 50 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമിക്കുന്ന നാലാമത്തെ പാലമാണിത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ ഗതാഗതമാർഗം മാത്രമല്ല, ജീവിതരേഖ കൂടിയാണ്. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടം യാഥാർഥ്യമാവുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ തന്നെ മാറും.
പൊതുജനങ്ങൾക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തൻ അനുഭവങ്ങൾ നൽകുന്ന നവീനമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കെ.എം.ആർ.എല്ലിന് സാധിക്കുന്നുണ്ട്. കൊച്ചി വാട്ടർ മെട്രോ അത്തരത്തിലൊന്നാണ്. പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന വാട്ടർ മെട്രോ അടുത്തവർഷം ആദ്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട് കായലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങളുടെ പുരോഗതിക്കും ഇത് മുതൽക്കൂട്ടാകും.
യന്ത്രേതര യാത്രയ്ക്കുള്ള മാസ്റ്റർപ്ലാനും കൊച്ചി മെട്രോ തയാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശവുമുള്ള രണ്ടുകിലോമീറ്റർ ദൂരം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കലാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ മെച്ചപ്പെട്ട കാൽനടപ്പാതകൾ, സൈക്കിൾ സവാരിക്കനുകൂലമായ ഇടങ്ങൾ, ഓട്ടോമാറ്റിക് സൈക്കിൾ പാർക്കിംഗ് എന്നിവ ഏർപ്പെടുത്തുകയാണ്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഫസ്റ്റ് ആൻറ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാൻ സാധിക്കും.  കൊച്ചി നഗരത്തെ ഹരിത ഗതാഗതത്തിന് സി.എൻ.ജി ഇന്ധനം ഉപയോഗിച്ച് ആരംഭിച്ച അനുബന്ധ ടാക്സി, ഓട്ടോ, ബസ് സർവീസ് എന്നിവയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടത്തുന്ന ഇൻറഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻറ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയുടെ നടത്തിപ്പ് സർക്കാർ കെ.എം.ആർ.എല്ലിനെ ഏൽപ്പിച്ചത്. 1400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അതിവേഗത്തിലാണ്. ഇടപ്പള്ളി കനാൽ, ചിലവന്നൂർ കനാൽ, തേവര പേരണ്ടൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി കനാൽ എന്നിവയുടെ പുനരുജ്ജീവനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നത്. കനാൽ ശുചീകരണം, പദ്ധതി ബാധിത പ്രദേശത്തുള്ളവരുടെ പുനരധിവാസം, തീരസംരക്ഷണം, കനാലധിഷ്ഠിത വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ പോയകാല പ്രൗഡി വീണ്ടെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.