ആലപ്പുഴ : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 24 മണിക്കൂർ മൃഗചികിത്സ സേവനം, വിളക്കണയാത്ത മൃഗാശുപത്രി പദ്ധതിയുടെ ചേർത്തല മണ്ഡലം ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. പാലുല്പാദനത്തിൽ കേരളം വളരെ വേഗം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ക്ഷീരമേഖലയിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീരമേഖലയിൽ ഉൽപാദന വർദ്ധനവ് മാത്രമല്ല ഉൽപ്പാദനക്ഷമതയും വർദ്ധിച്ചു. മൃഗപരിപാലന രംഗത്തും മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ബ്ലോക്കുകളിൽ നൂറിൽപരം രാത്രികാല മൃഗചികിത്സ ആശുപത്രികൾ സ്ഥാപിച്ചിട്ടുള്ളത്.

കൃഷി കഴിഞ്ഞാൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന പ്രധാന മേഖലയാണ് മൃഗസംരക്ഷണമേഖല. ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക മാത്രമല്ല മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി ഉണ്ടാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. കന്നുകുട്ടി പരിപാലനം, മത്സ്യകൃഷി, പച്ചക്കറി കൃഷി, ഇറച്ചി കോഴി വളർത്തൽ, തുടങ്ങിയ പഴയ കാർഷിക സംസ്കാരം വീണ്ടെടുക്കണമെന്നാണ് ഈ കോവിഡ് കാലം ഓർമ്മപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പഴയ സാംസ്കാരികത്തനിമ വീണ്ടെടുത്ത് മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്നതിനോടൊപ്പം ഇന്ന് നേരിടുന്ന സാമ്പത്തിക തകർച്ചയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.