* നിർമ്മാണത്തിന് ആറ് കോടി രൂപ അനുവദിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി


സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻറ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നു. ആറുകോടി രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിതായി തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

കേരള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാര്യവട്ടം കമ്പസ്സിൽ ഇതിനായി ഒരേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്.  സർവ്വകലാശാലയുമായി സംസ്ഥാന പുരാരേഖാ വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സർവകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സർക്കാറിന്റെയും പ്രതിനിധികൾ അടങ്ങിയ ഒരു സമിതിയായിരിക്കും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
ലോകത്തുതന്നെ അപൂർവ്വമായ ഒരു കോടിയിലേറെ തളിയോലകളുടെ അമൂല്ല്യശേഖരമുള്ളതാണ് സംസ്ഥാന ആർക്കൈവസ്.  ഇവയെ സംബന്ധിച്ച പഠന ഗവേഷണങ്ങൾക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻറ് ഹെറിറ്റേജ് സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഹെറിറ്റേജ് സെന്റർ സ്ഥാപിതമാകുന്നതോടെ അന്തർദേശീയ തലത്തിൽതന്നെ പുരാരേഖകളുടെ പഠന-ഗവേഷണങ്ങൾക്ക് ഇവിടെ സൗകര്യമൊരുക്കും.  ഇത് ചരി്രതവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്രദമാകും.  ഇതിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി. സർക്കാർ നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കരാർ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ഇതിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
കേരളവുമായി ബന്ധപ്പെട്ട് വിദേശങ്ങളിലും ഇന്ത്യയിൽതന്നെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പുരാരേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതിനും പഠന ഗവേഷണങ്ങൾക്കും ഈ സെന്റർ സൗകര്യമൊരുക്കും.  രാജ്യത്തിന് തന്നെ മാതൃകയായി ഒരു സർക്കാർ വകുപ്പും സർവ്വകലാശാലയും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈകോർക്കുന്ന സവിശേഷ പദ്ധതിയാണിത്. കെട്ടിട നിർമ്മാണം പുരോഗിക്കുന്ന മുറക്ക് മറ്റ് സജ്ജീകരണങ്ങൾക്കായി കൂടുതൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.