സായന്തനം വയോജന പാര്‍ക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ വായ്പ, അഡ്വക്കസി ക്യാമ്പയിന്‍, നിഷ് പുസ്തക പ്രകാശനം

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സായന്തനം വയോജന പാര്‍ക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയംതൊഴില്‍ വായ്പ, അഡ്വക്കസി ക്യാമ്പയിന്‍ എന്നിവയുടെ ഉദ്ഘാടനവും നിഷ് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം, തൊഴില്‍ നൈപുണ്യ വികസനം എന്നിവ വിവിധ ക്ഷേമ പദ്ധതികളിലൂടെ നല്‍കി സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പ് വരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് നടത്തി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനങ്ങള്‍ക്കായി സായംപ്രഭ, ഭിന്നശേഷി വിഭാഗത്തിനായി അനുയാത്ര, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി മഴവില്ല് എന്നിങ്ങനെ സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ തുടര്‍ച്ചയെന്നോണം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ വിഭാഗങ്ങള്‍ക്കായാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സായന്തനം വയോജന പാര്‍ക്ക്
സായംപ്രഭ പദ്ധതിക്ക് കീഴിലാണ് സായന്തനം വയോജന പാര്‍ക്ക് സജ്ജമാക്കുന്നത്. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്തലാണ് വയോജന പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 50 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ വായ്പ പദ്ധതി
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വ്യക്തിപരമായോ, സംഘം ചേര്‍ന്നോ തൊഴില്‍ സംരംഭം തുടങ്ങുന്നതിനായിയുള്ള പദ്ധതിയാണ് സ്വയം തൊഴില്‍ വായ്പ പദ്ധതി. വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന ആയിരിക്കും തുക നല്‍കുക. ഒരു സംരംഭകര്‍ക്കോ സംരംഭകത്വത്തിനോ 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയായിരിക്കും നല്‍കുക. ഈ പദ്ധതി പ്രകാരം സ്വയം തൊഴില്‍ കണ്ടെത്തി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം പര്യാപ്ത്തരക്കാന്‍ കഴിയും. 30 ലക്ഷം രൂപയാണ് പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

അഡ്വക്കസി ക്യാമ്പയിന്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ചും അത്തരം വ്യക്തികള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘര്‍ഷത്തെക്കുറിച്ചും പൊതു ഇടങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനപരമായ ഇടപെടലുകള്‍ ലഘൂകരിക്കുന്നതിനും പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മാറ്റുന്നതിനും വേണ്ടിയാണ് സംസ്ഥാന വ്യാപകമായി അഡ്വക്കസി ക്യാമ്പയിന്‍ നടത്തുന്നത്. സി ഡിറ്റിന്റെ സഹായത്തോടെ പ്രിന്റ്, വിഷ്വല്‍, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടത്തുന്നതാണ്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, സി ഡിറ്റ് ഡയറക്ടര്‍ ഡോ. എസ്. ചിത്ര, വനിത വികസന കോര്‍പറേഷന്‍ എം.ഡി. വി.സി. ബിന്ദു, ടി.ജി. ജസ്റ്റിസ് ബോര്‍ഡ് സംസ്ഥാന മെമ്പര്‍ ശീതള്‍ ശ്യാം, നിഷ് ന്യൂ ഇനിഷേറ്റീവ് ഹെഡ് ജി. ഷേര്‍ളി എന്നിവര്‍ പങ്കെടുത്തു.