കാണാതായവരുടെ പട്ടികയിൽ അർഹർ
വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം നൽകി

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയിൽ അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി ലഭിച്ചാൽ അന്വേഷിച്ച് ഉടൻ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തിൽ കാണാതാകുന്നവരെ മരിച്ചതായി കണക്കാക്കുന്നത് വേദനാജനകമാണെങ്കിലും ആ വേദന അതേ തീവ്രത ഉൾക്കൊണ്ടാണ് ഓഖി ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സർക്കാർ സാമ്പത്തിക സഹായം നൽകു ന്നത്. കാണാതായവരുടെ കുടുംബങ്ങൾ ആശ്രയമറ്റവരാകാതിരിക്കാനാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഓഖി ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായ 92 പേരുടെ ആശ്രിതർക്കുള്ള ധനസഹായവിതരണ ഉദ്ഘാടനം തിരുവനന്തപുരം വെട്ടുകാട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാണാതായവർക്കുള്ള ധനസഹായത്തിന് ഏറെ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്. എന്നാൽ ഓഖി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണമെന്ന് സംസ്ഥാന സർക്കാർ ഉറച്ചനിലപാടെടുക്കുകയും പല നടപടിക്രമങ്ങളും സാങ്കേതികത്വങ്ങളും മാറ്റിവയ്ക്കുകയും ചെയ്തു. കാണാതായ മിക്കവരുടെയും കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണ്. അതിനാലാണ് സർക്കാർ സാങ്കേതികതയുടെ തടസങ്ങളെല്ലാം ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ എല്ലാ ഏജൻസികളും ഒത്തൊരുമയോടെ ഇക്കാര്യങ്ങളിൽ പ്രവർത്തിച്ചുവെന്നും ദുരന്തത്തിൽപ്പെട്ടവർക്കും ബന്ധുക്കൾക്കും നൽകുന്ന ഒറ്റത്തവണ സഹായംകൊണ്ട് പിൻമാറില്ലെന്നും സർക്കാർ എന്നും അശരണർക്കും പാവങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓഖിയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകാൻ രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾക്ക് കഴിയാതെ പോയതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചതെന്ന് സ്വാഗതപ്രസംഗത്തിൽ സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അതു മനസിലായിട്ടും ചില കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിനെ പഴിക്കാനാണ് ദുരന്തസമയത്തുപോലും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അസുഖബാധിതനായി വിശ്രമിത്തിലായിരുന്ന താനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും അടിമലത്തുറ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ അടിയന്തര സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾക്ക് തെറ്റുപറ്റിയതായി കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അൽഫോൺസ് കണ്ണന്താനവും തുടർന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിട്ടും വീണ്ടും ചിലർ സർക്കാരിനെ വിമർശിക്കാനാണ് സമയം കണ്ടെത്തിയതെന്നും അവർ ഇപ്പോഴെങ്കിലും തെറ്റുതിരുത്തിയത് നന്നായെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതരുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും സർക്കാർ ലഭ്യമാക്കിയിരുന്നു. കാണാതായവരുടെ കുടുംബങ്ങൾക്ക് ഇപ്പോൾ നൽകിയ ധനസഹായത്തിനായി ഒരാളുപോലും ഒരു സർക്കാർ ഓഫീസിലും ചെല്ലേണ്ടിവന്നില്ലെന്നും സർക്കാർ അവരുടെ വീട്ടിലെത്തുകയാണ് ചെയ്തതെന്നും സർക്കാർ എന്നും പാവപ്പെട്ടവന്റെയൊപ്പം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും പ്രകൃതി ക്ഷോഭത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകേണ്ട ഏജൻസികളുടെ പോരായ്മയാണ് ഓഖി ദുരന്തത്തിൽ പ്രതിഫലിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ശാസ്ത്ര-സാങ്കേതിക മേഖല ഇനിയും വളരേണ്ടതിന്റെ അനിവാര്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സഹായം എത്ര കണ്ടു വലുതാണെങ്കിലും ഒരു മനുഷ്യജീവന് അതു പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
18.40 കോടി രൂപയാണ് കാണാതായവരുടെ ആശ്രിതർക്ക് ധനസഹായമായി നൽകിയത്. 92 പേരെയാണ് കാണാതായത്.  ഇതിൽ ഒരാളുടെ മൃതദേഹം അടുത്തിടെ ലഭിച്ചു.  91 പേരെയും പ്രതേ്യക സാഹചര്യം കണക്കിലെടുത്ത് മരിച്ചതായി കണക്കാക്കിയാണ് 20 ലക്ഷം രൂപ വീതം ആശ്രിതർക്ക് ധനസഹായം അനുവദിച്ചത്.  തിരുവനന്തപുരം താലൂക്കിൽ നിന്ന് കാണാതായ 34 മത്സ്യത്തൊഴിലാളികളുടെ 127 ആശ്രിതർക്കും നെയ്യാറ്റിൻകര താലൂക്കിൽ നിന്ന് കാണാതായ 57 മത്സ്യത്തൊഴിലാളികളുടെ 225 ആശ്രിതർക്കും ധനസഹായം സ്ഥിരനിക്ഷേപ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ രേഖകൾ നൽകി.
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ., എം. വിൻസെന്റ്, മേയർ വി.കെ. പ്രശാന്ത്, കോർപറേഷൻ അംഗങ്ങളായ കെ. ശ്രീകുമാർ, മേരി ലില്ലി രാജൻ, സോളമൻ വെട്ടുകാട്, എ.ഡി.എം ജോൺ വി. സാമുവൽ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഫാ. ടി. നിക്കോളസ്, ആന്റണി രാജു, ലെനിൻ, ബെർബി ഫെർണാണ്ടസ്, , ആൾസെയിന്റ്‌സ് അനിൽ, എം. പോൾ, ഡാനി. ജെ. പോൾ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ കെ.എം. ലതി എന്നിവർ പങ്കെടുത്തു.

ജില്ലയിൽ ഓഖി ദുരന്തത്തിൽപ്പെട്ട് മരിച്ച 49 പേരുടെ കുടുംബാംഗങ്ങൾക്ക് 22 ലക്ഷം രൂപ വിതം ധനസഹായം നേരത്തേ നൽകിയിരുന്നു.