തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ അതിഥി മന്ദിരങ്ങൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിനും ഇവ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും അവർ ആവശ്യപ്പെടുകയാണെങ്കിൽ താമസ സൗകര്യം അനുവദിക്കാം. എന്നാൽ ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഓഫീസ് സംവിധാനങ്ങൾ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ അനൗദ്യോഗിക യോഗങ്ങൾ പോലും ഇത്തരം സ്ഥാപനങ്ങളിൽ ചേരാൻ പാടില്ല. ഇത് ലംഘിച്ചാൽ മാതൃകാ പെരുമാറ്റച്ചട്ട സംഹിതയുടെ ലംഘനമായി കണക്കാക്കും.

ഒരു രാഷ്ട്രീയ കക്ഷിക്കും 48 മണിക്കൂറിൽ കൂടുതൽ ഇവിടെ മുറി അനുവദിക്കാൻ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്തേക്ക് രാഷ്ട്രീയ കക്ഷികൾക്ക് മുറി അനുവദിക്കുന്നതും ബന്ധപ്പെട്ടവർ നിർത്തിവയ്ക്കണം.