തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിക്കുന്ന താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലം, സ്വകാര്യ സ്ഥലം എന്നിവിടങ്ങളിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പഞ്ചായത്ത് തലത്തിൽ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന 200 മീറ്റർ പരിധിയിലും നഗരസഭ തലത്തിൽ 100 മീറ്റർ പരിധിയിലും ഇത്തരം ഓഫീസുകൾ പ്രവർത്തിക്കരുത്.
എന്നാൽ തിരഞ്ഞെടുപ്പ് ഓഫീസുകൾ സ്ഥാപിക്കുന്നിടത്ത് സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ മാത്രം വയ്ക്കാൻ അനുമതിയുണ്ട്. ഇവയ്ക്കെല്ലാം ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങണം.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗത്തിനും സമയപരിധിയുണ്ട്. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ പൊതുയോഗം നടത്തരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല.