പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കോർപ്പറേഷന്റെ നേതൃത്വത്തിൽ 10 ദ്രുതകർമ സേനാംഗങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. 150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയാറാക്കി നിർത്തിയിട്ടുണ്ട്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നു കളക്ടർ പറഞ്ഞു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ കാനകളും ചെറു തോടുകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ കോതിയൊതുക്കുന്നതിനും ബോർഡുകളുടേയും ഹോർഡിംഗുകളുടേയും ബലം ഉറപ്പുവരുത്തുന്നതിനും കോർപ്പറേഷൻ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് നിവാരണത്തിന് കോർപ്പറേഷന്റെ നാല് ജെസിബികൾ ലഭ്യമാക്കിയിട്ടുണ്ട്. ഹൈപവർ ജെറ്റ് പമ്പുകളും സജ്ജമാണ്.